മാല ചാർത്താൻ മുളങ്കമ്പ്; കോവിഡ് കാലത്തെ വൈറൽ കല്യാണം; വിഡിയോ

കോവിഡ് കാലത്തെ വ്യത്യസ്തമായ ഒരു വിവാഹവിഡിയോ വൈറലാകുകയാണ് സമൂഹമാധ്യമങ്ങളിൽ. വധൂവരന്മാര്‍ വരണമാല്യം ചാര്‍ത്തിയ രീതിയാണ് ബീഹാറിലെ ബെഗുസരായിയില്‍ നടന്ന ഈ വിവാഹത്തെ വ്യത്യസ്തമാക്കിയത്. മാസ്‌കും ഫേസ്ഷീല്‍ഡും അണിഞ്ഞാണ് വധൂവരൻമാർ എത്തിയത്. അതുകൊണ്ടും തീർന്നില്ല, സാമൂഹിക അകലം പാലിക്കുന്നതിനായി അകലെ നിന്നു കൊണ്ട് മുളങ്കമ്പുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം മാല ചാര്‍ത്തിയത്. 

ഛത്തീസ്ഗഢിലെ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ദിപാന്‍ഷു കബ്രയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. വ്യത്യസ്തമായ വരണമാല്യം ചാര്‍ത്തല്‍ പലരെയും രസിപ്പിച്ചെങ്കിലും ഇതിനെതിരെ വിമര്‍ശനവും സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. എന്തിനാണ് വിവാഹത്തിനായി ഇത്ര തിടുക്കമെന്നും നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് കുറച്ച് കാലത്തേക്ക് മാറ്റിവയ്ക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും ചിലര്‍ കമന്റ് ചെയ്തു. എന്നാല്‍ 50ല്‍ താഴെ പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ച മുന്‍കരുതലുകള്‍ എല്ലാം പാലിച്ചെന്നും വധൂവരന്മാരുടെ കുടുംബക്കാര്‍ പറയുന്നു.