മതം മൂലം വെറുക്കപ്പെട്ടവളായി; ഗര്‍ഭിണിയായിരിക്കെ ഭക്ഷണത്തിന് യാചിച്ചു: നടി സാന്ദ്ര

ഒരു സ്ത്രീ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഏറ്റവും അധികം ശ്രദ്ധ വേണ്ടത്. ചേര്‍ത്തു പിടിക്കാന്‍ ഉറ്റവര്‍ വേണ്ട നേരം. ഇഷ്ടഭക്ഷണം വയര്‍ നിറയെ കഴിക്കാന്‍ തോന്നുന്ന ദിവസങ്ങള്‍. എന്നാല്‍ നടി സാന്ദ്ര ആമിയ്ക്കു ഗര്‍ഭകാലത്തു നേരിടേണ്ടി വന്നത് ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അനുഭവങ്ങളായിരുന്നു. താരത്തിന്റെ ഇരട്ടക്കുട്ടികളുടെ ചോറൂൺ ചടങ്ങ് നടന്നത് ചെന്നൈ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ചായിരുന്നു.  ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നടി പങ്കു വച്ച കുറിപ്പിലാണ് താന്‍ നേരിട്ട യാതനങ്ങള്‍ വിവരിക്കുന്നത്. 

"സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നു. ഞങ്ങളുടെ മക്കളെ ഇത്രയധികം ഹൃദയങ്ങൾ ഒരുമിച്ചു സ്വാഗതം ചെയ്യുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. എന്റെ മതം കാരണം ഞങ്ങളും മക്കളും ഞങ്ങളുടെ കുടുംബത്തിനാലും ബന്ധുക്കളാലും തീർത്തും വെറുക്കപ്പെട്ടവർ ആയിരുന്നു. ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഭക്ഷണം തരാൻ പോലും ബന്ധുക്കൾ വിസമ്മതിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട്

പ്രസവം വരെ ദിവസം ഒരു പത്തു പ്രാവശ്യമെങ്കിലും ഞാൻ ഛർദ്ദിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞു വീട്ടിലെത്തിയ ശേഷം പ്രജിൻ ആണ് അതെല്ലാം വൃത്തിയാക്കിയിരുന്നത്. വിശപ്പും ക്ഷീണവും കാരണം ആഹാരത്തിനുവേണ്ടി അയൽക്കാരോട് വരെ യാചിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്. സ്കാനിങ്ങിന് പോകുന്നത് വരെ തനിച്ചായിരുന്നു. ഉറക്കം പോലുമില്ലാതെ രാത്രിയും പകലും പ്രജിൻ ഷൂട്ടിങ്ങിന് പോയി. സിഗ്നൽ ലൈറ്റ് റെഡ് ആകുന്നസമയം കാറിൽ ഇരുന്നാണ് അദ്ദേഹം അൽപ്പം വിശ്രമിച്ചിരുന്നത്. കേരള രീതിയിലുള്ള ഭക്ഷണം കഴിക്കാൻ ഒരുപാട് കൊതി തോന്നിയിരുന്ന സമയമായിരുന്നു അത്. ഒരു ജോലിക്കാരിയെ അന്വേഷിച്ചെങ്കിലും ആ ഉദ്യമം പരാജയപ്പെട്ടു.

എനിക്ക് വിശക്കുന്നുവെന്നും ദയവായി വരണമെന്നും എന്റെ അമ്മയോട് ആവശ്യപ്പെട്ടു, എങ്കിലും അമ്മ തയ്യാറായില്ല. തിരക്കാണെന്നും ലീവില്ലെന്നും പറഞ്ഞൊഴിഞ്ഞു. എന്റെ ഭർതൃവീട്ടുകാർ കേരളത്തിലെത്തി എന്റെ വീട്ടുകാരെ കണ്ടെത്തി വിവരം അറിയിച്ചെങ്കിലും ഈ അവസ്ഥയിൽ എന്നെ ഏറ്റെടുക്കാൻ അവർ തയ്യാറായില്ല.

പ്രസവത്തിനു ശേഷവും അവസ്ഥ മാറിയില്ല. അവർക്കെന്റെ കുഞ്ഞുങ്ങളെ പോലും ശ്രദ്ധിക്കാൻ പറ്റിയില്ല.. അവർ അവരുടേതായ ലോകത്ത് അവരുടേതോയ കാര്യങ്ങളിൽ തിരക്കിലായിരുന്നു.. എല്ലാ ചടങ്ങുകൾക്കും അവരെ വിളിക്കാറുണ്ട്. പക്ഷെ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവർ ഒഴിവാകും. ഞങ്ങൾ പങ്കുവച്ച ഒരു വീഡിയോയിലെങ്കിലും നിങ്ങൾ അവരെ കണ്ടിട്ടുണ്ടോ.

പക്ഷെ ഇന്ന് ഈ വാർത്ത കാണുമ്പോൾ ഞാൻ സന്തോഷം കണ്ട് തുള്ളിച്ചാടുകയാണ്., കാരണം ലക്ഷകണക്കിന് ആളുകളുടെ അനുഗ്രഹവും സ്നേഹവും ആണ് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഒരിക്കലും കരുതിയില്ല ഇതിത്ര വൈറൽ ആകുമെന്ന്. ഈ അത്ഭുതത്തിനും അനുഗ്രഹത്തിനും നന്ദി പറയുകയാണ്. ഞങ്ങൾ ശരിക്കും അനു​ഗ്രഹിക്കപ്പെട്ടവരാണ്. ഈ സന്തോഷവും അനുഗ്രഹങ്ങളും കൊണ്ട് എല്ലാ വേദനകളും മറക്കുകയാണ്. എല്ലാവർക്കും നന്ദി.." സാന്ദ്ര കുറിക്കുന്നു.

ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാൻ എന്ന ചിത്രത്തിലെ ഷീല പോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് സാന്ദ്ര ആമി. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സാന്ദ്ര അഭിനയരംഗത്തെത്തുന്നത്. പിന്നീട് സ്വപ്നക്കൂട്, വാർ ആൻഡ് ലവ്, സിങ്കം 3 തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടു. ജ്യോതിക നായികയാകുന്ന കാട്രിൻ മൊഴിയിലാണ് അവസാനം വേഷമിട്ടത്.