‘കോവിഡിനിടെ കുംഭമേള, ആർക്കും പരാതി ഇല്ല; എങ്ങും മൗനം’; വിമർശിച്ച് പാർവതി

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ അതേസമയം ജനക്കൂട്ടം നിയന്ത്രിക്കുന്നതിൽ സർക്കാരുകൾ പിന്നോട്ടുപോകുന്നത് സ്ഥിതി വഷളാക്കുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ യാതൊരുവിധ നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നില്ല എന്ന നേതാക്കൾ തന്നെ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ഇക്കൂട്ടത്തിൽ ഹരിദ്വാറിലെ മഹാ കുംഭമേള വലിയ ചർച്ചയാവുകയാണ്. നടി പാർവതി തിരുവോത്തിന്റെ പ്രതികരണം ഇക്കൂട്ടത്തിൽ ശ്രദ്ധേയമാണ്. 

തബ്‍ലിഗ് ജമാഅത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നവര്‍ക്ക് കോവിഡ് രണ്ടാം തരംഗ സമയത്ത് കുംഭ മേള സംഘടിപ്പിക്കുന്നതില്‍ പരാതിയില്ലെന്നും എങ്ങും നിശ്ശബ്ദതയാണെന്നും പാർവതി ഇൻസ്റ്റഗ്രമിൽ കുറിച്ചു. അന്ന് ഈ വിഷയം ഉയർത്തി കാട്ടി നടന്ന ചാനൽ ചർച്ചയുടെ ഓഡിയോയും പരിഹാസത്തോടെ പാർവതി പങ്കുവച്ചിട്ടുണ്ട്.  കുംഭമേളയില്‍ പങ്കെടുത്ത നൂറിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചതായ വാർത്തയും അവർ പങ്കിടുന്നു.

അതേസമയം ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഏപ്രിൽ 30 വരെ തുടരുമെന്നും അധികൃതർ. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർധിക്കുന്നതിനാൽ കുംഭമേള ബുധനാഴ്ച അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഉത്തരാഖണ്ഡ് സർക്കാരും മതനേതാക്കളുമായി നടത്തിയ ചർച്ചയിലാണ് കുംഭമേള അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്.

ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്നാനം ചെയ്യാൻ എത്തുന്നത്. ഇത്രയും ആളുകൾ ഒരുമിച്ചു ചേരുന്നത് കോവിഡ് വ്യാപനം വർധിപ്പിക്കുമെന്ന ആശങ്കയുണ്ട്. ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേർ പേർ സ്നാനം ചെയ്യാൻ എത്തിയെന്നാണ് സർക്കാർ കണക്ക്.

സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ പിഴ ചുമത്താൻ തീരുമാനമുണ്ടെങ്കിലും വൻ ജനക്കൂട്ടമായതിനാൽ സാധിക്കാത്ത സ്ഥിതിയാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉത്തരാഖണ്ഡിൽ 1,925 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസം റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന സംഖ്യയാണിത്. ഹരിദ്വാറിൽ മാത്രം രണ്ട് ദിവസത്തിനിടെ 1,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.