അതിവേഗത്തിൽ കാറോടിച്ച് യുവതി; തോക്ക് ചൂണ്ടി; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് പൊലീസ്

ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അതിവേഗം കാറോടിച്ച യുവതിയെ പിന്തുടർന്ന് പിടികൂടി പൊലീസ്. പക്ഷേ യുവതിയുടെ ദയനീയാവസ്ഥ കണ്ട് തോക്ക് മാറ്റി വച്ച് കെട്ടിപ്പിടിച്ചാണ് പൊലീസ് അവരെ ആശ്വസിപ്പിച്ചത്. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും കയ്യടി നേടുകയാണ്. അമേരിക്കയിലെ കെൻറുക്കിയിലാണ് സംഭവം.

ഗാർഹിക പീഡനത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ ലാട്രസ് കറി എന്ന യുവതി വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. ഇതോടെ ഇവർ പരിസരം മറന്ന് വാഹനം പായിക്കാൻ തുടങ്ങി. വേഗം കൂടുന്നതൊന്നും ഇവർ ശ്രദ്ധിച്ചില്ല. കാറിന്റെ അമിതവേഗം കണ്ട് പൊലീസും പിന്നാലെ കൂടി. ഇതോടെ ഭയന്നുപോയ യുവതി കാർ നിർത്താതെ മുന്നോട്ടുപാഞ്ഞു. പിന്നാലെ പൊലീസിനും സംശയമായി. കൂടുതൽ പൊലീസുകാർ വാഹനത്തെ പിന്തുടർന്നു. ഒടുവിൽ യുവതി വാഹനം നിർത്തി.

കയ്യിൽ തോക്കുമായി പുറത്തിറങ്ങിയ പൊലീസ് ഇവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. തോക്കു ചൂണ്ടി നിൽക്കുന്ന പൊലീസിനെ കണ്ടതോടെ യുവതി ഭയന്നുവിറച്ചു. കാറിന്റെ ഡോറോ, സീറ്റ് ബെൽറ്റോ മാറ്റാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലായി യുവതി. ഇതോടെ പൊലീസുകാരൻ ഡോർ തുറന്ന് തോക്ക് ചൂണ്ടി. കരയാൻ പോലും കഴിയാതെ ഭയന്നുവിറച്ചിരിക്കുന്ന ഇരിക്കുന്ന യുവതിയെ കണ്ടതോടെ പൊലീസുകാരൻ തോക്ക് മാറ്റി. അവരെ ആശ്വസിപ്പിച്ചു. ഇതോടെ  പൊട്ടിക്കരഞ്ഞുകൊണ്ട് ആ യുവതി പൊലീസുകാരന്റെ തോളിലേക്ക് ചാഞ്ഞു. 23 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ കുറ്റവാളികളെ പലതവണ പിന്തുടർന്നിട്ടുണ്ടെങ്കിലും  ഇത്തരമൊരു അനുഭവം ഇതാദ്യമാണ് എന്ന് റിച്ചാർഡ്സൺ എന്ന് ഉദ്യോഗസ്ഥനും പറയുന്നു.