ആ ലോറിയിലെ ജഡം അവന്റേതായിരുന്നു; തീ കൊളുത്തിക്കൊന്ന കൊമ്പൻ; കണ്ണീർ വിട

ആ ഉദ്യോഗസ്ഥൻ അവന്റെ തുമ്പിക്കൈ െതാട്ട് തലയിൽ വച്ച ശേഷം വിതുമ്പി കണ്ണീർ െപാഴിച്ചത്, മനുഷ്യൻ അവനോട് കാണിച്ച ചെയ്തികൾക്കുള്ള  മാപ്പു ചോദിക്കൽ കൂടിയായിരുന്നെന്ന് ഇപ്പോൾ രാജ്യം ചേർത്ത് വായിക്കുകയാണ്. ഇന്ന് രാവിലെ സമൂഹമാധ്യമങ്ങളിൽ ൈവറലായിരുന്നു ഈ വിഡിയോ. ചരിഞ്ഞ ആനയുടെ ജ‍ഡം ലോറിയിൽ കയറ്റിയപ്പോൾ അതിനെ പരിപാലിച്ചിരുന്ന ഉദ്യോഗസ്ഥൻ ലോറിക്ക് പുറത്തേക്ക് കിടന്ന തുമ്പിക്കൈയിൽ തൊട്ട് വിതുമ്പി കരഞ്ഞു. അതേസമയം വൈകുന്നേരം പുറത്തുവന്ന രാജ്യത്തെ നടുക്കിയ ക്രൂര സംഭവത്തിന്റെ ഇരയായിരുന്നു ആ ലോറിയിലുണ്ടായിരുന്നതെന്ന് പൊതുജനം അറിഞ്ഞില്ല. റിസോർട്ട് ജീവനക്കാർ ജീവനോടെ തീയിട്ട് കൊന്ന ആനയെ ഓർത്താണ് ആ ഉദ്യോഗസ്ഥൻ കണ്ണീർ െപാഴിച്ചത്. 

തമിഴ്നാട് മുതുമലൈ ടൈഗര്‍ റിസര്‍വിലെ എലിഫന്റ് ക്യാംപിൽ നിന്നുള്ള കാഴ്ചയായിരുന്നു അത്. തീ പൊള്ളലേറ്റ് വൃണവും പഴുപ്പുമായി വേദന തിന്ന ആനയുടെ ചികിൽസയ്ക്ക് മേൽനോട്ടം വഹിച്ചത് ഈ ഉദ്യോഗസ്ഥനായിരുന്നു. ജീവൻ രക്ഷിക്കാൻ വേണ്ടി എല്ലാം ചെയ്തെങ്കിലും മനുഷ്യന്റെ ക്രൂരതയ്ക്ക് മുന്നിൽ തോറ്റ് ആന മടങ്ങി. തലയിൽ തീ ഇട്ടപ്പോഴും ആരെയും ഉപദ്രവിക്കാതെ കാട്ടിലേക്ക് നിലവിളിച്ച് ഓടിപോകുന്ന ആനയുടെ ദൃശ്യങ്ങൾ ൈവകുന്നേരമാണ് പുറത്തുവന്നത്.  

റിസോര്‍ട്ടുകാരാണ് ആനയെ തീകൊളുത്തി കൊന്നത്. തമിഴ്നാട് മസിനഗുഡിയില്‍ പെട്രോള്‍ നിറച്ച ടയര്‍ എറിഞ്ഞ് പൊള്ളലേല്‍പ്പിച്ച കാട്ടാനയാണ് ചരിഞ്ഞത്. അതിക്രമം നടന്നത് നവംബറിലാണ്. ഗുരുതരമായി പൊള്ളലേറ്റ ആന കാടുകയറാതെ ജനവാസമേഖലയില്‍ തുടരുകയായിരുന്നു. മയക്കുവെടിവച്ച് വിദഗ്ധചികില്‍സയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചരിഞ്ഞത്. കേസില്‍ രണ്ട് റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റിലായിട്ടുണ്ട്. പ്രശാന്ത്, റെയ്മണ്ട് ഡീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരാളെക്കൂടി പിടികൂടാനുണ്ട്. 

ചികിൽസ നൽകി കാട്ടിലേക്ക് അയച്ചു. എന്നാൽ ആന വീണ്ടും അവശനായ നാട്ടിലെത്തി.  പിന്നാലെ നടത്തിയ അന്വേഷണത്തിൽ ചെവിയിൽ പൊള്ളലേറ്റതായി കണ്ടെത്തിയിരുന്നു. മുറിവ് പഴുത്തുണ്ടായ അണുബാധയാണ് 40 വയസുള്ള ആനയുടെ ജീവനെടുത്തത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനയുടെ തലയിൽ തീ കത്തിച്ചിടുന്ന വിഡിയോ പുറത്തുവരുന്നത്.