ചെയ്യാത്ത കുറ്റത്തിന് ജയിലില്‍; ആര്‍മി ഓഫിസര്‍ക്ക് നഷ്ടമായത് 14 വർഷം

2006ലാണ് മുൻ ആർമി ഓഫിസറായ ബൽവീർ സിങ് യാദവിനെ കൊലക്കുറ്റത്തിന് പൊലീസ് അറസ്റ്റ് െചയ്യുന്നത്. സുരേന്ദ്ര രജ്പുത്തിന്റെ കൊലപാതകത്തോടനുബന്ധിച്ചാണ് ബൽവീറിനെ കസ്റ്റഡിയിലെടുത്തത്. വിചാരണയ്ക്കും വിസ്താരങ്ങൾക്കും ശേഷം ബൽവീർ കുറ്റക്കാരനെന്ന് കോടതി പറഞ്ഞു. പിന്നെ ജീവപര്യന്തം. പതിനാല് വർഷമാണ് ശിക്ഷാ കാലാവധിയായി കോടതി വിധിച്ചത്.

കൂടെയുണ്ടായിരുന്ന കൂട്ടുകാരനെ നിരപരാധിയാണെന്ന കാരണത്താൽ കോടതി വിട്ടയച്ചു. പതിനാല് വർഷത്തിനു ശേഷം ജനുവരി 26നു ശിക്ഷ തീരാനിരിക്കെ കോടതി വിധി പിന്നെയും വന്നു. വിധിയിൽ ബൽവീർ നിരപരാധി. 

രാജ്യത്തെ ഒരു പട്ടാളക്കാരനും ഈ അവസ്ഥയുണ്ടാകരുത് എന്നാണ് ബൽവീറിനു വേണ്ടി വർഷങ്ങളായി വാദിച്ച ആനന്ദ് പത്ഥക്കും വിശാൽ മിശ്രയും പ്രതികരിച്ചത്. തെളിവുകളുടെ അഭാവമാണ് ബൽവീറിനെ നിരപരാധിയാണെന്ന വൈകിയ വിധിക്കു പിന്നിൽ. സംശയത്തിന്റെ പേരിൽ മാത്രം തടങ്കലിൽ വെച്ച ബൽവീർ നിരപരാധിയാണെന്ന് പറയാൻ  എന്തുകൊണ്ട് ഇത്രയും വൈകിയെന്നാണ് അഭിഭാഷകർ ചോദിക്കുന്നത്.