‘ഇഞ്ചി’ക്ക് ദയാവധം; ലോകത്തിലെ ഏറ്റവും പ്രായമുള്ള ഒറാങ് ഉട്ടാൻ ഇനി ഒാർമ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഒറാങ് ഉട്ടാനായ ‘ഇഞ്ചി’ അന്തരിച്ചു. മൃഗശാല അധികൃതർ 61 വയസുള്ള ഇഞ്ചിയെ ദയാവധത്തിന് വിധേയനാക്കി. ഒറിഗണ്‍ മൃഗശാലയില്‍ വച്ചായിരുന്നു ഈ പെൺ ഒറാങ് ഉട്ടാന്റെ അന്ത്യം. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ വല്ലാത്ത വേദനയാണ് അവസാനകാലത്ത് സമ്മാനിച്ചത്. ഇതോടെയാണ് അധികൃതർ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.

മൃഗശാലയിൽ എത്തുന്ന സന്ദർശകരിൽ കുട്ടികളോട് ഇഞ്ചിക്ക് പ്രത്യേക സ്നേഹമായിരുന്നു. അതുകൊണ്ട് തന്നെ ഒട്ടേറെ പേർ ഇഞ്ചിയുടെ കടുത്ത ആരാധകരുമാണ്. കാഴ്ചക്കാരുടെ ബാഗിലും പഴ്സിലും എന്തൊക്കെയാണ് ഉള്ളത് എന്നറിയാൻ ഇഞ്ചി ശ്രമിക്കാറുണ്ട്. അതിനുള്ളിൽ എന്താണെന്ന് അറിയാൻ ഇഞ്ചി കാണിക്കുന്ന ആകാംക്ഷയും കൗതുകയും മരണശേഷം സമൂഹമാധ്യമങ്ങളിൽ ഓർമക്കുറിപ്പായി നിറയുകയാണ്. 

ഇന്തോനേഷ്യയിലെ കാടുകളിലാണ് ഇഞ്ചിയുടെ ജനനം. കാട്ട് മൃഗങ്ങളുടെ കച്ചവടത്തിലൂടെ ഇന്തോനേഷ്യയില്‍ നിന്ന് അമേരിക്കയിലെത്തിയ ഇഞ്ചി 1961 ജനുവരി 30 ന് ഒരു വയസ്സുള്ളപ്പോഴാണ് ഓറിഗോണ്‍ മൃഗശാലയിലെത്തുന്നത്. സാധാരണ 40 വയസുവരെയാണ് ഒറംഗുട്ടന്റെ ആയുസ്. എന്നാൽ ഇഞ്ചി പിന്നെയും രണ്ട് പതിറ്റാണ്ട് കാലത്തോളം മനുഷ്യർക്ക് ഇടിയിൽ ജീവിച്ചു. ഒറാങ് ഉട്ടാനുകൾ ഇപ്പോൾ വംശനാശ ഭീഷണി നേരിടുകയാണ്. പ്രത്യേകിച്ചും ഇഞ്ചിയുടെ ജന്മനാടായ സുമാത്രയിൽ.