സ്വകാര്യ സന്ദേശങ്ങളും ഫോൺവിളികളും ചോരില്ല; വാട്ട്സാപ്പ് വിശദീകരണം ഇങ്ങനെ

പുതിയ സ്വകാര്യതാ നയം പുറത്തിറക്കിയതോടെ ലോകമെങ്ങും ലക്ഷക്കണക്കിന് പേരാണ് വാട്ട്സാപ്പ് ഉപേക്ഷിച്ച് പോയത്. സ്വകാര്യത എന്നത് സങ്കൽപ്പം മാത്രമാക്കി മാറ്റുന്നതായിരുന്നു കമ്പനിയുടെ പുതിയ നയം. കൊഴിഞ്ഞുപോക്ക് വലിയ രീതിയിൽ ബാധിച്ചതോടെ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയിരിക്കുകയാണ് വാട്ട്സാപ്പ്. പുതിയ നയങ്ങൾ സ്വകാര്യതയെ ബാധിക്കുമെന്ന് പറയുന്നത് വെറുതെയാണെന്നും വ്യക്തികൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നടത്തുന്ന സംഭാഷണങ്ങളുടെ സ്വകാര്യത ചോരില്ലെന്നും കമ്പനി ബ്ലോഗിൽ വ്യക്തമാക്കി. 

ബിസിനസ് അക്കൗണ്ടുകളെയാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്ലോഗിൽ പറയുന്നു. ബിസിനസ് അക്കൗണ്ടുകളിൽ നിന്ന് എങ്ങനെയാണ് വിവരം ശേഖരിക്കുന്നതെന്നും അതെങ്ങനെ ഉപയോഗിക്കുമെന്നും പിന്നീട് വ്യക്തമാക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

ഒരുതരത്തിലുമുള്ളള വ്യക്തതയില്ലാതെയാണ് കമ്പനി പുതിയ നയം പ്രഖ്യാപിച്ചത്. ഇതോടെ വ്യക്തികളുടെ സ്വകാര്യ ചാറ്റുകൾ പരസ്യമാകുമെന്നതടക്കമുള്ള സംശയങ്ങൾ ഉപഭോക്താക്കൾ പ്രകടിപ്പിച്ചു. വളരെ വേഗത്തിൽ ഇത്തരം ആശങ്ക വർധിച്ചതോടെയാണ് കൂട്ടത്തോടെ ആളുകൾ വാട്ട്സാപ്പ് ഉപേക്ഷിച്ചത്.

സ്വകാര്യ സന്ദേശങ്ങളോ, ഫോൺവിളികളോ ചോർത്തില്ലെന്നും അത്തരം വിവരങ്ങൾ ഇതുവരെയും ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും ബ്ലോഗ് പറയുന്നു. ലൊക്കേഷൻ അടക്കമുള്ള വസ്തുതകൾ ചോർത്തുന്നുവെന്ന ആരോപണം ശരിയല്ലെന്നും വിശദീകരണത്തിലുണ്ട്. പരസ്യം നൽകുന്നതിനായി വിവരങ്ങള്‍ ഫെയ്സ്ബുക്കുമായി പങ്കുവയ്ക്കുകയില്ലെന്നും എൻഡ്–ടു– എൻഡ് എൻക്രിപ്ഷൻ തുടരുമെന്നും കമ്പനി വ്യക്തമാക്കി.