യൂറോപ്പിലെ തെരുവല്ല; കോഴിക്കോട്ടെ പാര്‍ക്ക്; വൈറലായി ചിത്രങ്ങള്‍

ഇത് യൂറോപ്പാണെന്ന് ഒരു നിമിഷം കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. നമ്മുടെ സ്വന്തം കോഴിക്കോട് ജില്ലയിലെ കാരക്കാടുളള നവീകരിച്ച വാഗ്ഭടാനന്ദ പാര്‍ക്കില്‍ നിന്നുളള കാഴ്ചയാണിത്. ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലായ പാർക്കിന് സവിശേഷതകളേറെയാണ്. യൂറോപ്യൻ മാതൃകയിൽ നിർമിച്ച പാർക്കിൽ ആധുനിക  ഡിസൈനുകളാണുളളത്. പാർക്കിൽ‌ മനോഹരമായ പ്രതിമകളും കലാപരിപാടികൾ സംഘടിപ്പിക്കാനായി തുറന്ന വേദിയും ഒഴിവുസമയങ്ങള്‍ ചിലവിടാൻ ബാഡ്മിന്‍റൺ കോർട്ടുകളുമുണ്ട്. 

ഇതിനു പുറമെ ജിംനേഷ്യവും കുട്ടികൾക്കുളള പാർക്കും ഇവിടെയുണ്ട്. ഭിന്നശേഷിക്കാർക്കു വേണ്ടി പ്രത്യേകം പാതകളും ശുചിമുറികളും പാർക്കിലുണ്ട്. വീൽചെയറുകളിൽ വരുന്ന സന്ദർശകർക്ക് സുഗമമായി പോകാനൊരു വഴി. കാഴ്ചാവൈകല്യമുളളവർക്ക് പരസഹായം കൂടാതെ നടക്കാൻ ടാക്ടൈൽ ടൈലുകൾ പതിച്ച പാതകൾ വേറെയും. അങ്ങനെ വാഗ്ഭടാനന്ദ പാർക്കിലെ വിശേഷങ്ങൾ അനവധിയാണ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 2.80 കോടി രൂപ ചെലവിലാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. പാർക്ക് നവീകരണത്തിനു മുൻപും പിൻപുമുളള ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ പങ്കുവെച്ചു. 

പ്രാദേശികവാസികളുടെ കൂട്ടായ്മയും സഹകരണവും കൊണ്ടാണ് പാർക്കിന് പുതിയ മുഖം ലഭിച്ചതെന്നും അദ്ദേഹം പറ‍ഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ സമൂഹത്തിൽ നിലനിന്നിരുന്ന ജാതി വിവേചനങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടിയ നവോത്ഥാന നായകൻ ശ്രീ വാഗ്ഭടാനന്ദ ഗുരുവിനോടുളള ആദരസൂചകമായാണ് പാർക്ക് നിർമിച്ചതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.വാഗ്ഭടാനന്ദ ഗുരു സ്ഥാപിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയാണ് പാര്‍ക്ക് നിർമിച്ചത്. നവീകരിച്ച പാർക്ക് കാണാനുളള കൊതി വിദേശികളടക്കം പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.