നായകളെ കണ്ട് ജീവനും കൊണ്ട് പാഞ്ഞ് കൂറ്റൻ രാജവെമ്പാല; മരത്തിൽ ഒളിച്ചു; വിഡിയോ

കൃഷിയിടത്തിൽ പ്രവേശിച്ച കൂറ്റൻ രാജവെമ്പാലയെ കാവൽ നായകൾ ആക്രമിച്ചു. ജീവനും െകാണ്ട് പാഞ്ഞ രാജവെമ്പാല ഒടുവിൽ മരത്തിന് മുകളിൽ അഭയം തേടി. തായ്‌ലൻഡിലെ ചന്ദാബുരി പ്രവിശ്യയിൽ നിന്നാണ് ഈ കൗതുക വിഡിയോ. കൃഷിയിടത്തിൽ കടന്നു കയറിയ രാജവെമ്പാലയെ അവിടെയുള്ള ഒൻപത് കാവൽ നായ്ക്കൾ ചേർന്നാണ് ആക്രമിച്ചത്. അവ പാമ്പിനെ കടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തും. നായ്ക്കളുടെ പിടിയിൽ നിന്ന് രക്ഷപെടാനായി സമീപത്തെ മരത്തിനു മുകളിലാണ് രാജവെമ്പാല അഭയം തേടിയത്. 

മരത്തിന്റെ ചറ്റും നിന്ന് കുരച്ച് ബഹളം കൂട്ടിയ നായ്ക്കളെ ശ്രദ്ധിച്ചപ്പോഴാണ് മരത്തിനു മുകളിൽ പതുങ്ങിയിരിക്കുന്ന രാജവെമ്പാലയെ താനി സാഥി എന്നയാൾ കണ്ടത്. നായ്ക്കളെ അവിടെ നിന്നും അകറ്റിയ ശേഷം ഉടൻ തന്നെ താനി സാഥി പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിക്കുകയായിരുന്നു. 13 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയാണ് നായ്ക്കളെ പേടിച്ച് മരത്തിനു മുകളിൽ പതുങ്ങിയിരുന്നത്. പാമ്പുപിടുത്ത വിദഗ്ദ്ധരെത്തി ഹുക്കുപയോഗിച്ച് പാമ്പിനെ താഴേക്ക് വലിച്ച ശേഷം പിടികൂടുകയായിരുന്നു.

പേടിച്ചരണ്ട പാമ്പ് രണ്ട് തവണ പാമ്പുപിടുത്തക്കാരെ ആക്രമിക്കാനൊരുങ്ങുന്നതും ദൃശ്യത്തിൽ കാണാം. താഴേക്ക് വലിച്ചിട്ട പാമ്പിനെ പാമ്പുപിടുത്തക്കാർ ഉടൻ തന്നെ അതിന്റെ തലയിൽ പിടികൂടി ബാസ്ക്കറ്റിനുള്ളിലാക്കി. നായ്ക്കളുടെ ആക്രമണത്തിൽ പാമ്പിന്റെ ശരീരത്തിലാകെമാനം പരുക്കേറ്റിരുന്നു. മുറിവുകളിൽ നിന്ന് ചോരയും പുറത്തുവരുന്നുണ്ടായിരുന്നു. പാമ്പിനെ വിശദപരിശോധനയ്ക്കും പരിചരണത്തിനുമായി സമീപത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മുറിവുണങ്ങി ആരോഗ്യം വീണ്ടെടുത്ത ശേഷം കാട്ടിൽ തുറന്നുവിടാനാണു തീരുമാനം.