പാതിയടഞ്ഞ മുഖം പരിചിതമായി തോന്നി; തണുപ്പ് മാത്രം ബാക്കി; മരണത്തിന് സാക്ഷി; കുറിപ്പ്

anil-post
SHARE

മലയാളത്തിന്റെ പ്രിയനടൻ അനിൽ നെടുമങ്ങാടിന്റെ മരണ വാർത്ത മലയാളികൾക്ക് ഏറെ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനത്തിൽ മലങ്കര ഡാമിനോട് ചേർന്നുള്ള കയത്തിൽ മുങ്ങിത്താണാണ് പ്രിയനടന്റെ വിയോഗം. അനിലിന്റെ മരണത്തിന് നേർസാക്ഷിയാകേണ്ടിവന്ന മാധ്യമപ്രവർത്തകന്റെ കുറിപ്പാണ് ഇപ്പോൾ ഏറെ നോവാകുന്നത്. മാധ്യമപ്രവർത്തകനായ സോജൻ സ്വരാജാണ് മലങ്കരയുടെ മനോഹാരിത കാണാൻ പോയി മരണത്തിന് നേർസാക്ഷിയാകേണ്ടി വന്നത് വിവരിച്ചിരിക്കുന്നത്.

'റോഡരുകിൽ ചെറിയൊരു ആൾക്കുട്ടം വലുതാകുന്നത് കാണാം. രണ്ടു മൂന്നു പേർ ജലാശയത്തിനരുകിലുണ്ട്. കാര്യം തിരക്കിയപ്പോൾ ഒരാൾ വെള്ളത്തിൽ പോയതാണന്നറിഞ്ഞു. നിമിഷങ്ങൾക്കകം ഒരു യുവാവ് ബൈക്കിൽ പാഞ്ഞെത്തി ജലാശയത്തിലേയ്ക്കുള്ള കൽക്കെട്ടുകൾ ഓടിയിറങ്ങി. പടികൾ ഇറങ്ങുന്നതിനിടയിൽ തന്നെ അയാൽ മുണ്ടും ഷർട്ടും ഊരിയെറിഞ്ഞ് കരയിൽ നിന്നവർ ചൂണ്ടി കാണിച്ച സ്ഥലത്തേയ്ക്ക് ആഴ്ന്നിറങ്ങി. ഒരു മിനുട്ട് തികച്ചെടുത്തില്ല, കൊക്ക് മീനിനെ കൊത്തിയെടുത്ത് തിരികെ കുതിക്കും പോലെ അയാൾ ഒരു മനുഷ്യശരിരവും കാലിൽ പിടിച്ച് മടങ്ങിയെത്തി. പുഴയിൽ നിന്നെടുക്കുമ്പോൾ തന്നെ പാതിയടഞ്ഞ കണ്ണുകളുള്ള അ മുഖം നല്ല പരിചിതമായി തോന്നി. പിടിച്ച് കയറ്റുന്നതിനിടയിൽ പല തവണ മുഖവും തലയുമെല്ലാം കൈകളിലൂടെ കടന്ന് പോയി പക്ഷേ അപ്പോഴൊന്നും എനിക്കോ മറ്റുള്ളവർക്കോ അത് നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന മലയാളത്തിൻ്റെ പ്രിയ നടൻ ആണെന്ന് മനസിലായില്ല'. സോജൻ കുറിക്കുന്നു. 

കുറിപ്പിന്റെ പൂർണരൂപം: 

മലങ്കരയുടെ മനോഹാരിത കാണാൻ പോയി ഒരു മരണത്തിന് നേർ സാക്ഷിയാകേണ്ടി വന്ന ക്രിസ്മസ് ദിനം. മലയാളത്തിൻ്റെ  പ്രിയ നടൻ അനിൽ നെടുമങ്ങാടിൻ്റെ മരണം യാദൃച്ഛികമായി കൺമുന്നിൽ കാണേണ്ടി വന്ന നടുക്കവും ദുഃഖവും മണിക്കൂറുകൾക്ക് ശേഷവും ഇപ്പഴും വിട്ടുമാറുന്നില്ല. ഉച്ചക്കഴിഞ്ഞ് 4.30 ഓടെയാണ് ഞങ്ങൾ നാലുപേരും കൂടി പി.ആർ പ്രശാന്ത് (മംഗളം), അഫ്സൽ ഇബ്രാഹിം (മാധ്യമം), അഖിൽ സഹായി (കേരളകൗമുദി) യും ഞാനും കൂടി മലങ്കര ജലാശയം കാണാൻ തൊടുപുഴയിൽ നിന്നും  യാത്ര തിരിക്കുന്നത്. 

ക്രിസ്മസ് ദിനമായതിനാൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. പ്രധാന കവാടത്തിന് സമീപത്തെ പാർക്കും കണ്ട് ഫോട്ടോയെടുത്ത് ഡാം ഡോപ്പിൽ പോയി മടങ്ങി വരുമ്പോൾ കൃത്യം ആറു മണി. സമയം കഴിഞ്ഞതിനാൽ ഡ്യൂട്ടിയിലുള്ള പോലീസുകാരൻ ഡാം ടോപ്പിലുള്ള ആളുകളോട് തിരികെ വരാൻ വിസിലടിച്ച് ആവശ്യപ്പെടുന്നു. മറ്റൊരു ജീവനക്കാരൻ അവിടേയ്ക്കുള്ള പ്രവേശന കവാടം അടക്കുന്നു. ഇവിടെ നിന്നിറങ്ങി പത്തു ചുവട് മുന്നോട്ട് വയ്ക്കുമ്പോഴേയ്ക്കും തൊട്ടു മുന്നിലെ റോഡരുകിൽ ചെറിയൊരു ആൾക്കുട്ടം വലുതാകുന്നത് കാണാം. രണ്ടു മൂന്നു പേർ ജലാശയത്തിനരുകിലുണ്ട്. കാര്യം തിരക്കിയപ്പോൾ ഒരാൾ വെള്ളത്തിൽ പോയതാണന്നറിഞ്ഞു. നിമിഷങ്ങൾക്കകം ഒരു യുവാവ് ബൈക്കിൽ പാഞ്ഞെത്തി ജലാശയത്തിലേയ്ക്കുള്ള കൽക്കെട്ടുകൾ ഓടിയിറങ്ങി. പടികൾ ഇറങ്ങുന്നതിനിടയിൽ തന്നെ അയാൽ മുണ്ടും ഷർട്ടും ഊരിയെറിഞ്ഞ് കരയിൽ നിന്നവർ ചൂണ്ടി കാണിച്ച സ്ഥലത്തേയ്ക്ക് ആഴ്ന്നിറങ്ങി. ഒരു മിനുട്ട് തികച്ചെടുത്തില്ല, കൊക്ക് മീനിനെ കൊത്തിയെടുത്ത് തിരികെ കുതിക്കും പോലെ അയാൾ ഒരു മനുഷ്യശരിരവും കാലിൽ പിടിച്ച് മടങ്ങിയെത്തി. ഞാനും അഫ്സലും കുറച്ച് മുന്നിൽ നടന്നിരുന്നതിനാൽ ഇതിനടുത്ത് തന്നെയുണ്ടായിരുന്നു. ആളെ കരയ്ക്കെത്തിക്കുമ്പോഴേയ്ക്കും ഞാനും ഓടിയെത്തി കരയിലുണ്ടായിരുന്ന വെള്ളത്തിൽ വീണയാളിൻ്റെ സുഹുത്തുക്കൾക്കും പോലീസുകാർക്കും ഒപ്പം പിടിച്ച് കയറ്റി. ഉയരം കൂടിയ കലുങ്കിൻ്റെ കുത്തുകല്ലിലൂടെ ഏറെ ശ്രമകരമായി ശരീരം എത്തിച്ച് റോഡരുകിൽ കിടത്തി. 

പുഴയിൽ നിന്നെടുക്കുമ്പോൾ തന്നെ പാതിയടഞ്ഞ കണ്ണുകളുള്ള അ മുഖം നല്ല പരിചിതമായി തോന്നി. പിടിച്ച് കയറ്റുന്നതിനിടയിൽ പല തവണ മുഖവും തലയുമെല്ലാം കൈകളിലൂടെ കടന്ന് പോയി പക്ഷേ അപ്പോഴൊന്നും എനിക്കോ മറ്റുള്ളവർക്കോ അത് നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന മലയാളത്തിൻ്റെ പ്രിയ നടൻ ആണെന്ന് മനസിലായില്ല. അപ്പോഴേയ്ക്കും ഞങ്ങൾക്ക് അൽപം പിന്നിലായിരുന്ന അഖിലും ആശാനും അവിടേയ്ക്ക് എത്തിയിരുന്നു. ആശാനാണ് ( പ്രശാന്ത് ) പറയുന്നത് ഇതൊരു സിനിമാ നടനല്ലേ എന്ന്, അതേ കമ്മട്ടിപ്പാടത്തിലെ ', അഖിൽ സഹായിയും പറഞ്ഞു. അതു കേട്ട് കൂടെയുണ്ടായിരുന്ന സുഹുത്തുക്കൾ പറഞ്ഞു, ' അതേ അനിൽ നെടുമങ്ങാട് ' ഇവിടെ അടുത്ത് ഷൂട്ടിന് വന്നതാണ്. കരയിലെത്തിച്ച ഉടനെ, മുങ്ങിയെടുത്ത യുവാവ് പറഞ്ഞു, 'ഞാൻ കൈ പിടിച്ച് നോക്കിയിരുന്നു പോയതാണെന്ന് തോന്നുന്നു '. അപ്പേഴേയ്ക്കും മുട്ടം സി.ഐയും എസ്.ഐയുടെയും നേതൃത്തിലുള്ള പോലീസ് സംഘം എത്തിയിരുന്നു. അവരുടെ കൂടെ നേതൃത്വത്തിൽ ഉടൻ തന്നെ തൊടുപുഴയിലെ ആശുപത്രിയിലേയ്ക്ക് വാഹനം പാഞ്ഞു. 

പ്രതീക്ഷയില്ലന്ന് അവിടെ കൂടിയ പലരും പറഞ്ഞെങ്കിലും ഞങ്ങൾ പ്രതീക്ഷ കൈവിടാതെ ആശുപത്രിയിലേയ്ക്ക് തിരിച്ചു. അ പാതിയടഞ്ഞ കണ്ണുകൾ തുറന്നു എന്ന് കേൾക്കാൻ, വെള്ളത്തിൻ്റെ മാത്രം തണുപ്പുണ്ടായിരുന്ന ശരീരത്തിന് ജീവനുണ്ട് എന്ന് കേൾക്കാൻ. പക്ഷേ, അയ്യപ്പനും കോശിയിലെ അദ്ദേഹത്തിൻ്റെ തന്നെ സി.ഐ കഥാപാത്രം കോശിക്ക് ' ചാവാതിരിക്കാൻ ' ഒരു ടിപ്പ് പറഞ്ഞു കൊടുത്തത് പോലെ അദ്ദേഹത്തിനും ജീവിക്കാൻ കാലം ഒരു ടിപ്പ് പറഞ്ഞു കൊടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. മണിക്കൂറുകൾ കണ്ടതും ആസ്വദിച്ചതുമായ മലങ്കരയുടെ മനോഹാരിതയുമെല്ലാം മനസിൽ നിന്നും ഒരു നിമിഷം കൊണ്ട് ഡിലീറ്റ് ആയെങ്കിലും കൈകളിലെ ആ തണുപ്പ് മാത്രം വിട്ടുമാറുന്നില്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...