പൂന്തോട്ടത്തിന് കുഴിയെടുത്തു; 63 സ്വർണ നാണയങ്ങൾ; കോടികളുടെ വില

വീട്ടിൽ വെറുതെ ഇരിക്കേണ്ട എന്നു കരുതിയാണ് ബ്രിട്ടണിലെ ദമ്പതികൾ പൂന്തോട്ടം ഉണ്ടാക്കാനായി മുറ്റത്തേക്ക് ഇറങ്ങിയത്. പൂന്തോട്ടമുണ്ടാക്കാനായി പറമ്പിൽ കുഴിയെടുക്കുകയായിരുന്നു ഇവർ. അദ്ഭുതമെന്ന് പറയട്ടെ, പറമ്പില്‍ കുഴിയെടുത്തപ്പോള്‍ ഇവർക്ക് ലഭിച്ചത് 63 സ്വര്‍ണനാണയങ്ങളും ഒരു വെള്ളിനാണയവും.

ബ്രിട്ടനിലെ ഹാംഷെയറിലെ ന്യൂ ഫോറസ്റ്റ് ജില്ലയിലാണ് സംഭവം. ഉടൻ തന്നെ ഇവർ ബ്രിട്ടീഷ് മ്യൂസിയം അധികൃതരെ വിവരമറിയിച്ചു. പരിശോധനയിൽ 15,16 നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ട് ഭരിച്ചിരുന്ന എഡ്‌വേര്‍ഡ് നാലാമന്റെയും ഹെന്റി എട്ടാമന്റെയും ചിത്രങ്ങളുള്ള നാണയങ്ങളാണിതെന്ന് വ്യക്തമായി. ഒരു നാണയത്തില്‍ ഹെന്റി എട്ടാമന്റെ ഭാര്യമാരായിരുന്ന കാതറിന്‍, ആന്‍, ജെയ്ന്‍ എന്നിവരെ കുറിച്ചുള്ള സൂചനകളുമുണ്ട്.

ഈ നാണയങ്ങളുടെ പുരാവസ്തു മൂല്യം എത്രയെന്നും വിശദീകരിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. വില്‍പ്പനക്കു വെച്ചാല്‍ കോടികളാണ് കുടുംബത്തിന് ലഭിക്കുക.