പവാറിന്റെ പിറന്നാളാഘോഷം; കേക്കിനായി കൂട്ടത്തല്ല്; പരിഹാസം; വിഡിയോ

കേക്കിന്റെ കഷണത്തിനായി തല്ലു കൂടുന്ന എൻസിപി പ്രവർത്തകരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ പിറന്നാളാഘോഷത്തോട് അനുബന്ധിച്ചാണ് കോവിഡ് നിയന്ത്രണങ്ങൾ പോലും മറന്ന് കേക്കിനായി പ്രവർത്തകർ തല്ലുപിടിച്ചത്. 

പവാറിന്റെ 80–ാം പിറന്നാൾ ആഘോഷിക്കാനാണ് മന്ത്രി ധനഞ്ജയ് മുണ്ഡയുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. ഭീമൻ കേക്കും ഇതിനായി കൊണ്ടുവന്നിരുന്നു. കേക്ക് മുറിച്ചതിന് പിന്നാലെ പ്രവർത്തകർ കേക്കിനായി തിക്കും തിരക്കും കൂടി. കുട്ടികളടക്കമുള്ള വലിയ ജനക്കൂട്ടമാണ്  പരിപാടിക്ക് എത്തിയത്. തിരക്ക് കൂടിയതോടെ പ്രവർത്തകർ തമ്മിൽ കേക്കിനായി അടിയായി. പിന്നാലെ കസേര എടുത്തെറിയുകയും ചെയ്തു. ഒടുവിൽ പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. വിഡിയോ പങ്കുവച്ച് പരിഹസിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. ഇവരുടെ കയ്യിലാണ് മഹാരാഷ്ട്രയുടെ അധികാരമെന്നും സംസ്ഥാനത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്നും കുറിച്ച് ബിജെപി നേതാക്കൾ വിഡിയോ പങ്കുവയ്ക്കുന്നു.