500 രൂപയുടെ ബിയർ; രണ്ടേകാൽ ലക്ഷം ടിപ്പ്; അമ്പരപ്പിച്ച മനുഷ്യൻ

500 രൂപ വിലയുള്ള ബിയർ കുടിച്ചിട്ട് രണ്ടേകാൽ ലക്ഷത്തോളം രൂപ ടിപ്പായി നൽകിയ വ്യക്തിയെ കുറിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് അമേരിക്കയിലെ ഒഹിയോവിലുള്ള നൈറ്റ്‌ ടൗണ്‍ ജാസ്‌ ആന്റ്‌ ബ്ലൂസ്‌ ക്ലബ്ബ് ഉടമ ബ്രന്‍ഡന്‍ റിങ്. കോവിഡ് പ്രതിസന്ധി മൂലം കച്ചവടവും ജീവിതവും പ്രതിസന്ധിയിലൂടെ പോകുമ്പോഴാണ് വേറിട്ട മനുഷ്യൻ ക്ലബ്ബിലെത്തുന്നത്.

‘രാത്രി ഏറെ വൈകിയാണ് ആ മനുഷ്യൻ എത്തിയത്. ഓർഡർ ചെയ്തത് ഒരു ബിയർ മാത്രം. പോകാൻ നേരം ബില്ലിനൊപ്പം ടിപ്പായും ഒരു തുക നൽകിയ ശേഷം അയാൾ ഇറങ്ങി നടന്നു. 3,000 ഡോളറാണ് അദ്ദേഹം ടിപ്പായി നൽകിയത്. അബദ്ധം പറ്റിയതാണെന്ന് കരുതി അദ്ദേഹത്തിന്റെ പിന്നാലെ ഓടി. കാര്യം പറഞ്ഞു. വിചിത്രമായിരുന്നു മറുപടി. തെറ്റുപറ്റിയതല്ല. നമുക്ക് വീണ്ടും കാണാം. ആ തുക നിങ്ങൾ പങ്കിട്ട് എടുക്കൂ എന്ന് പറഞ്ഞ് ആ മനുഷ്യൻ നടന്നകന്നു.’ ഏറെ ഹൃദ്യമായ ഈ അനുഭവം ഉടമ തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കിട്ടിരിക്കുന്നത്.