ഉദ്യോഗസ്ഥർ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്; തൂണിന്റെ അരികു പൊട്ടിച്ച് വെടിയുണ്ട പുറത്തേക്ക്

കോട്ടയം: തോക്ക് ലൈസൻസ് പുതുക്കാനെത്തിയ ആളുടെ പിസ്റ്റളിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. ഉദ്യോഗസ്ഥർ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫിസിന്റെ മുന്നിലെ വരാന്തയിൽ ഇന്നലെ 12നാണു സംഭവം. തെള്ളകം സ്വദേശിയുടെ പിസ്റ്റളിൽ നിന്നാണു വെടി പൊട്ടിയത്. തഹസിൽദാർ പി.ജി. രാജേന്ദ്രബാബുവിന്റെ മുറിക്കു പുറത്ത് തോക്ക് പരിശോധിക്കുന്നതിനായി കാത്തുനിൽക്കുമ്പോഴാണു സംഭവം. ലൈസൻസ് സെക്​ഷനിലെ യുഡി ക്ലാർക്ക് സി.എ. അനീഷ്കുമാർ ഫയലുമായി തോക്കുടമയുടെ അടുത്തുണ്ടായിരുന്നു.

ഇവർ ഇരുവരും ‌ നിന്നതിന്റെ എതിർ ഭാഗത്തേക്കാണു വെടിയുണ്ട പാഞ്ഞത്. വരാന്തയിലെ കോൺക്രീറ്റ് തൂണിന്റെ അരികു പൊട്ടിച്ച് വെടിയുണ്ട പുറത്തേക്കു പോയി. ശബ്ദം കേട്ട് മിനി സിവിൽ സ്റ്റേഷനിലെ ഓഫിസുകളിൽ നിന്നു ജീവനക്കാർ ഓടിയെത്തി. അശ്രദ്ധമായി തോക്ക് ഉപയോഗിച്ചതിന് ഉടമയ്ക്ക് എതിരെ കേസെടുക്കുമെന്നു വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ. അരുൺ പറഞ്ഞു. തോക്ക് ലൈസൻസ് റദ്ദാക്കണമെന്ന് എഡിഎമ്മിന് റിപ്പോർട്ട് നൽകുമെന്നു തഹസിൽദാർ പി.ജി. രാജേന്ദ്രബാബു അറിയിച്ചു. അറിയാതെ കാഞ്ചിയിൽ വിരലമർന്നതാണെന്ന് ഉ‍ടമ തഹസിൽദാരോടും ഉദ്യോഗസ്ഥൻമാരോടും വിശദീകരിച്ചു. തോക്ക് പിടിച്ചെടുക്കാൻ തഹസിൽദാർക്ക് അധികാരമില്ലാത്തതിനാൽ ഉടമ വീട്ടിലേക്കു കൊണ്ടുപോയി. 

വെടിയുണ്ട ഒഴിവാക്കിവേണം തോക്ക് എത്തിക്കാൻ

ലൈസൻസ് പുതുക്കുന്നതിന് എഡിഎം, തഹസിൽദാർ, പൊലീസ് അധികാരികൾ എന്നിവർക്കു മുൻപിൽ തോക്കും രേഖകളും നേരിട്ടു ഹാജരാക്കണം. ഹാജരാക്കുമ്പോൾ വെടിയുണ്ട കാണാൻ പാടില്ലെന്നാണു ചട്ടം. വെടിയുണ്ട ഉള്ളതറിയാതെ തോക്കു കൈകാര്യം ചെയ്തതിലെ പിഴവാണു കാരണമെന്നു പൊലീസ് സംശയിക്കുന്നു. ഉടമയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും.

ലൈസൻസ് ഉള്ളത് 1800 പേർക്ക്

ജില്ലയിൽ തോക്ക് ലൈസൻസ് ഉള്ളത് 1800 പേർക്ക്. മൂന്നു വർഷത്തിനിടയ്ക്കു ലൈസൻസ് പുതുക്കണം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ തോക്കുകൾ റവന്യു ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം പൊലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യണം. തിരഞ്ഞെടുപ്പു പ്രക്രിയ കഴിഞ്ഞാൽ തിരിച്ചുകിട്ടും.

"എഡിഎമ്മിന്റെ ഓഫിസിൽ നിന്നു ലൈസൻസ് പുതുക്കുന്നതിനുള്ള രേഖകളുമായിട്ടാണു തോക്കുടമ ഓഫിസിൽ എത്തിയത്. രേഖകൾ പരിശോധിച്ചശേഷം ഫയൽ അടക്കം തഹസിൽദാർക്കു നൽകുന്നതിനു മുറിക്ക് പുറത്തുനിൽക്കുകയായിരുന്നു. ഈ സമയം തഹസിൽദാരുടെ മുറിയിൽ മറ്റു സന്ദർശകരുണ്ടായിരുന്നു. ഉടമ പിസ്റ്റൾ പരിശോധിക്കുകയും കൈകൊണ്ട് വലിക്കുകയും ചെയ്യുന്നതു കണ്ടു. തോക്കിൽ ഉണ്ടയില്ലല്ലോയെന്നു ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. ഇതിനിടെയാണു വൻ ശബ്ദത്തോടെ വെടി പൊട്ടിയത്. എന്റെ നേർക്കാണോയെന്നു പോലും സംശയിച്ചു. അദ്ദേഹവും ഞെട്ടിപ്പോയി. കുറച്ചു സമയം കഴിഞ്ഞാണു പരിഭ്രമവും വിറയലും മാറിയത്."- സി.എ. അനീഷ്കുമാർ യുഡി ക്ലാർക്ക്, കോട്ടയം താലൂക്ക് ഓഫിസ്