ബിനീഷ് കോടിയേരിയെ കുറിച്ചുള്ള വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കിട്ട് വിനായകൻ

ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടക്കുന്നു എന്ന തലക്കെട്ടോടെയുള്ള ചിത്രം പങ്കുവച്ച് നടൻ വിനായകൻ. ‘ പണത്തട്ടിപ്പ് കേസില്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ്’ എന്ന ഇംഗ്ലീഷ് തലക്കെട്ടില്‍ വന്ന വാര്‍ത്തയുടെ സ്ക്രീൻഷോട്ടാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. 

അതേസമയം ഇ.ഡിക്കെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. ബിനീഷ് കോടിയേരിയുടെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി. കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും ഭയപ്പെടുത്തിയെന്നും കമ്മീഷന്‍ പറഞ്ഞു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണ‌റോട് അന്വേഷിക്കാനും നിര്‍ദേശം. ആവശ്യമെങ്കില്‍ കേസെടുക്കാനും നിര്‍ദേശിച്ചു. 

ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് 26 മണിക്കൂറിനുശേഷം പൂര്‍ത്തിയാക്കി. ഭാര്യാമാതാവിന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. റെയ്ഡിനിടെ ഭീക്ഷണിപ്പെടുത്തിയെന്നാരോപിച്ച് ബിനീഷിന്‍റെ കുടുംബവും റെയ്ഡ് തടസപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡിയും പൊലീസിനെ സമീപിച്ചു. അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയെന്ന മഹസറില്‍ ഒപ്പിട്ടില്ലെന്നും ബിനീഷിന്‍റെ ഭാര്യ റെനീറ്റ പറഞ്ഞു.

ഇന്നലെ രാവിലെ 9.30 നു തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്നു രാവിലെ 11 മണിയ്ക്ക്. ബിനീഷിന്‍റെ സാമ്പത്തിക സ്രോതസുകളും ബെനാമി ഇടപാടുകളുമാണ് പ്രധാനമായും പരിശോധിച്ചത്. ഭാര്യാമാതാവിന്‍റെ ഫോണ്‍ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലെടുത്തു.  ബിനീഷിന്‍റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നടപടി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ലെന്നും കോടതിയെയും അറിയിക്കാനാണ് ഇ.ഡി തീരുമാനം. ‌അതേസമയം കണ്ടെടുത്ത സാധനങ്ങള്‍ തങ്ങളെ കാണിച്ചില്ലെന്നു ആരോപിച്ച് മഹസറില്‍ ഒപ്പിട്ടില്ലെന്നു ബിനീഷിന്‍റെ ഭാര്യ റെനീറ്റ പറഞ്ഞു. പരിശോധന കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചെന്നും മഹസറില്‍ ഒപ്പിടാന്‍ എന്‍ഫോഴ്സ്മെന്‍റ് ഭീഷണിപ്പെടുത്തിയെന്നും ഭാര്യാമാതാവ് മിനി ആരോപിച്ചു.

ബിനീഷിന്‍റെ കുട്ടിയുടെ അവകാശം നിഷേധിച്ചതിനെതിരെ നടപടിയെന്ന് ബാലാവകാശകമ്മിഷന്‍ അറിയിച്ചു.ഇ.ഡിയുടേയും ബിനീഷിന്‍റെ കുടുംബത്തിന്‍റെയും പരാതികളില്‍  പൂജപ്പുര സ്റ്റേഷനില്‍ നടപടി തുടങ്ങി.  റെയ്ഡ് കഴിഞ്ഞ മടങ്ങവെ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടത് ചെറിയ തര്‍ക്കത്തിനിടയാക്കി.