52 കിലോയുള്ള അപൂർവ മത്സ്യം; വില 3 ലക്ഷം; ഭാഗ്യം വന്ന വഴി

ഭാഗ്യത്തെ തേടിപ്പിടിക്കുക എന്ന് കേട്ടിട്ടില്ലേ? പശ്ചിമ ബംഗാളിലെ ഒരു വയോധികയെ ഭാഗ്യം കടാക്ഷിച്ചത് മത്സ്യത്തിന്റെ രൂപത്തിലാണ്. സാഗർ ദ്വീപിലെ ഛക്ഭുൽഡൂബിയിലുള്ള പുഷ്പ കർ എന്ന വൃദ്ധയ്ക്കാണ് നദിയിലൂടെ ഒഴുകിനടന്ന അപൂർവ മത്സ്യത്തെ കിട്ടിയത്. ജലോപരിതലത്തിലൂടെ ഒഴുകി നടക്കുന്ന കൂറ്റൻ മത്സ്യത്തെ ഇവർ കണ്ടെത്തുകയായിരുന്നു.

അയൽവാസികളുടെ സഹായത്തോടെയാണ് മത്സ്യത്തെ കരയ്ക്കടുപ്പിച്ചത്. അപൂർവ മത്സ്യമായ ‘ഭോല’ മത്സ്യത്തെയാണ് ഇവർക്ക് ലഭിച്ചത്. കപ്പലിലോ മറ്റു മത്സ്യബന്ധന ബോട്ടുകളിലോ തട്ടി പരുക്കേറ്റാകാം മത്സ്യം ചത്തതെന്നാണ് നിഗമനം. വിപണിയിൽ ഏറെ മൂല്യമുള്ള മത്സ്യത്തെ ഉടൻ തന്നെ ഇവർ സമീപത്തെ മത്സ്യമാർക്കറ്റിലെത്തിച്ചു. മത്സ്യത്തിന്റെ ശരീരം ഭാഗികമായി ചീഞ്ഞു തുടങ്ങിയിരുന്നെങ്കിലും ആന്തരികാവയവങ്ങൾക്ക് കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ല. ഈ മത്സ്യത്തിന്റെ കൊഴുപ്പിനും ആന്തരികാവയവങ്ങൾക്കും വിപണിയിൽ ഏറെ മൂല്യമള്ളത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇതിന് ആവശ്യക്കാരേറെയും. ഒട്ടേറെ ഔഷധഗുണമുളള മത്സ്യഎണ്ണ മരുന്നു നിർമാണത്തിനും മറ്റുമായി ഉപയോഗിക്കാറുണ്ട്. വിപണിയിൽ ഈ മത്സ്യ എണ്ണയ്ക്ക് കിലോയിക്ക് 80,000 ൽ അധികം വിലയുണ്ട്.

സാഗർ ദ്വീപിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം മത്സ്യബന്ധനമാണ്. 52 കിലോയാളം തൂക്കമുണ്ടായിരുന്നു ഈ മത്സ്യത്തിന്. കിലോയിക്ക് 6200 രൂപയ്ക്കാണ് വ്യാപാരികൾ മത്സ്യം ഏറ്റെടുത്തത്. 3 ലക്ഷത്തോളം രൂപയാണ് പുഷ്പാ കർ എന്ന വൃദ്ധയ്ക്ക് മത്സ്യത്തെ വിറ്റതിലൂടെ ലഭിച്ചത്.