താമസം ടി ആകൃതി വീടുകളിൽ; പുറത്തിറങ്ങുമ്പോൾ രൂപമാറ്റം; ചുരുളഴിയാതെ 'പല്ലിമനുഷ്യർ'

ചിത്രം കടപ്പാട്; gaia.com/ancient-origins.net

അന്യഗ്രഹ ജീവികൾ ഉണ്ടോ, ഇല്ലയോ എന്ന കൗതുകം ഇനിയും മനുഷ്യർക്ക് മാറിയിട്ടില്ല. ഈ നിഗൂഢതകൾ വളർത്തുന്നതാണ് പല്ലി മനുഷ്യരെ കുറിച്ചുള്ള വാർത്തകളും. പല്ലിയുടെ തലയും മനുഷ്യന്റെ ശരീരവുമുള്ള ജീവികളാണ് പല്ലി മനുഷ്യർ.

ഭൂമിക്കടിയിലെ രഹസ്യകേന്ദ്രത്തിലാണ് പല്ലിമനുഷ്യന്റെ വാസം. പുറത്തിറങ്ങുമ്പോൾ മനുഷ്യരൂപം സ്വീകരിച്ചാണ് സഞ്ചാരം. ലോകത്തെ നിയന്ത്രിക്കുന്നത് പല്ലി മനുഷ്യരാണെന്നും നിഗൂഢതാ സിദ്ധാന്തക്കാർ വാദിക്കുന്നു. വെറും നേരംപോക്കെന്ന് സിദ്ധാന്തത്തെ തള്ളിയിരുന്നു ഗവേഷകരും ശാസ്ത്ര ലോകവും. എന്നാൽ ഇറാഖിലെ അൽ ഉബൈദ് കേന്ദ്രത്തിൽ നിന്ന് 1919 ൽ ലഭിച്ച തെളിവുകൾ പല്ലി മനുഷ്യരെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ഊർജം പകർന്നു.

പുരാവസ്തു ഗവേഷകന്‍ ഹാരി റെഗിനാൾഡ് ഹാളിന്റെ നേതൃത്വത്തിൽ അൽ ഉബൈദ് പ്രദേശത്തു നടത്തിയ ഉദ്ഖനനത്തിൽ കണ്ടെത്തിയത് ഏകദേശം 7000 വര്‍ഷം പഴക്കമുള്ള വസ്തുക്കളായിരുന്നു. അതിലേറെയും പലതരം കളിമൺ പ്രതിമളായിരുന്നു. അക്കൂട്ടത്തിലാണ് പല്ലിയുടെ തലയും മനുഷ്യന്റെ ശരീരവുമുള്ള പ്രതിമകളും കണ്ടെത്തിയത്. നീളമുള്ള തല, ഉരുണ്ട കണ്ണുകൾ, നീണ്ട മുഖം, പല്ലിയുടേതു പോലുള്ള മൂക്ക് തുടങ്ങിയവയായിരുന്നു പ്രതിമകളുടെ പ്രത്യേകതകൾ.

പെൺ പ്രതിമകളായിരുന്നു കൂടുതലും. എല്ലാ പ്രതിമകൾക്കും തലയിൽ കിരീടമുണ്ടായിരുന്നു. ചുമലുകളിൽ ഉയർന്നു നിൽക്കുന്ന തൊങ്ങലുകളോ ചിറകുകളോ പോലുള്ള അടയാളങ്ങളും. ഇവ മാത്രം ഒറ്റയ്ക്കു നിൽക്കുന്ന പ്രതിമകളായിരുന്നെങ്കിൽ പുരാതന ഈജിപ്തിലേതു പോലെ ദൈവങ്ങളുടേതാണെന്നു കരുതാമായിരുന്നു. എന്നാൽ കുട്ടികൾക്കു പാലു കൊടുക്കുന്ന പല്ലിമനുഷ്യസ്ത്രീകളുടെ ശിൽപങ്ങളും ഏറെയുണ്ടായിരുന്നു. കുട്ടികൾക്കും പല്ലിമനുഷ്യരുടെ രൂപമായിരുന്നു. അങ്ങനെയാണ് ഇവ ഭൂമിയിൽത്തന്നെയുണ്ടായിരുന്നതാകാമെന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്. 

ഉറിലും എറിഡുവിലും പല്ലിമനുഷ്യരുടെ പ്രതിമകൾ കണ്ടിരുന്നെങ്കിലും ഏറ്റവും കൂടുതൽ പ്രതിമകൾ കണ്ടെത്തിയത് ടെൽ അൽ ഉബൈദ് എന്ന പ്രദേശത്തായിരുന്നു. അരക്കിലോമീറ്റർ വ്യാസമുള്ള പ്രദേശത്ത് രണ്ട് മീറ്റർ ഉയരത്തിൽ നിലനിന്ന ഒരു കുന്നിൻ പുറമായിരുന്നു ഈ പ്രദേശം. ഹാരി റെഗിനാൾഡ് നടത്തിയ തിരച്ചിൽ കണ്ടെത്തിയ പ്രതിമകളിൽ ചിലത് ഒരുതരം അധികാര ദണ്ഡ് കയ്യിൽ കരുതിയിരുന്നു. ഇതേക്കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങളിലാണ് ശാസ്ത്രലോകം.