‘വെള്ളത്തുണി പുതച്ച് പുഞ്ചിരിയോടെ ശബരി, സ്നേഹിതാ വിട’; വേദനയോടെ കിഷോർ സത്യ

മിനി സ്ക്രീന്‍ ഇനിയും ആ വാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ്. സീരിയൽ താരം ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവര്‍ത്തകരെ അതീവദുഖത്തിലേക്കു വീഴ്ത്തി. ആശുപത്രിയിലെത്തിയപ്പോൾ കാത്തിരുന്ന ശബരിയുടെ മരണവാർത്ത നൽകിയ ഞെട്ടല്‍ കിഷോർ സത്യ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പങ്കുവച്ചു. 

കിഷോർ സത്യയുടെ കുറിപ്പ് വായിക്കാം

ഇന്നലെ രാത്രി  9 മണിയോടെ  ദിനേശേട്ടൻ (ദിനേശ് പണിക്കർ)ഫോൺ വിളിച്ചു പറഞ്ഞു. സാജൻ(സാജൻ സൂര്യ) ഇപ്പോൾ വിളിച്ചു. ഷട്ടിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ ശബരി  കുഴഞ്ഞുവീണു SUT ആശുപത്രിയിലേക്ക്  കൊണ്ടുപോയെന്ന്. സാജൻ കരയുകയായിരുന്നുവെന്നും ദിനേശേട്ടൻ പറഞ്ഞു.

ഞാൻ സാജനെ വിളിച്ചു. കരച്ചിൽ മാത്രമായിരുന്നു മറുപടി. ‘കരയരുത്, ഞാൻ ഇപ്പൊ ആശുപത്രിയിലേക്ക് വരാം’ എന്നു പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.  ദിനേശേട്ടനും അങ്ങോട്ടേക്ക് എത്താമെന്നു പറഞു. 

പെട്ടന്ന് റെഡി ആയി ഹോസ്പിറ്റലിൽ എത്തി. സാജനെ വിളിച്ചപ്പോൾ ശബരിയുടെ കുടുംബത്തെ വീട്ടിലാക്കാൻ പോയ്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞു. സാജന്റെ ശബ്ദം ആശ്വാസം നൽകി. എമർജൻസിയിൽ 3-4 ചെറുപ്പക്കാരെ കണ്ടു. അപ്പുറത്ത് നിൽക്കുന്നയാൾ ശബരിയുടെ സഹോദരൻ ആണെന്ന് പറഞ്ഞു. 

ഞാൻ ചെന്ന് സ്വയം പരിചയപ്പെടുത്തി. വീടിനടുത്തുള്ള കോർട്ടിൽ കളിക്കുകയായിരുന്നു. പെട്ടന്ന് ഒരു ക്ഷീണം പോലെ തോന്നി. സൈഡിലേക്ക്  മാറിയിരുന്നു. ഇത്തിരി കഴിഞ്ഞ് വീണ്ടും കളിക്കാനായി എണീറ്റയുടൻ കുഴഞ്ഞു  വീഴുകയായിരുന്നു എന്നു പറഞ്ഞു. 

ആശുപത്രിയിൽ എത്തിയല്ലോ എന്ന ആശ്വാസത്തിൽ  ഇപ്പോൾ  എങ്ങനെയുണ്ട് എന്ന് എന്റെ ചോദ്യത്തിന് ‘ശബരി പോയി’ എന്നായിരുന്നു  മറുപടി. എന്റെ പ്രജ്ഞയറ്റു, കണ്ണുകൾ കര കവിഞ്ഞു. ശബ്ദം തൊണ്ടയിൽ കുരുങ്ങിനിന്നു. 

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. കാരണം ഫിറ്റ്നസ്, ആഹാരം, ജീവിതശൈലി, ചിന്തകൾ, കാഴ്ചപ്പാടുകൾ  ഇതിലൊക്കെ  ശബരി ഒരു പടി മുന്നിലായിരുന്നു. അങ്ങനൊരാൾക്ക് കാർഡിയക് അറസ്റ്റ് ഉണ്ടാവുമെന്ന് വിദൂര സ്വപ്നത്തിൽ പോലും നാം ചിന്തിക്കില്ലല്ലോ. അപ്പോഴേക്കും ദിനേശേട്ടനും എത്തി. 

പിന്നാലെ നടന്മാരായ ശരത്, അനൂപ് ശിവസേവൻ, അനീഷ് രവി, ഷോബി തിലകൻ, അഷ്‌റഫ് പേഴുംമൂട്, ഉമ നായർ ടെലിവിഷൻ രംഗത്തെ മറ്റ് സാങ്കേതിക  പ്രവർത്തകർ അങ്ങനെ നിരവധി പേർ, അവിശ്വനീയമായ  ഈ വാർത്തയുടെ  നിജസ്ഥിതി  അറിയാൻ  നിരവധി  ഫോൺ കോളുകൾ. കാലടി ഓമന, വഞ്ചിയൂർ പ്രവീൺ കുമാർ, സുമേഷ്  ശരൺ, ഇബ്രാഹിംകുട്ടി, ഡോ.ഷാജു, ഗണേഷ് ഓലിക്കര  നിരവധി  മാധ്യമ പ്രവർത്തകർ  അങ്ങനെ പലരും.... ഞങ്ങളിൽ  പലരുടെയും  ഫോണിന്  വിശ്രമമില്ലാതായി.