താടിയിലിരുന്ന മാസ്ക് മുഖത്തേക്ക് വലിച്ചിട്ട് അരയന്നം; ഞെട്ടി യുവതി; വൈറൽ

കോവിഡിനെ നേരിടാൻ മാസ്ക് ധരിക്കണമെന്ന് ലോകം മുഴുവൻ ആരോഗ്യപ്രവർത്തകരും ഭരണകൂടങ്ങളുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്നും പലർക്കും പക്ഷേ മാസ്കിന്റെ പ്രാധാന്യം മനസ്സിലായിട്ടില്ല. കൃത്യമായി അത് എങ്ങനെയാണ് ധരിക്കേണ്ടത് എന്നും അറിയില്ല.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വിഡിയോയും പുതിയ കാലത്തെ മാസ്കിന്റെ പ്രധാന്യത്തെ കുറിച്ചാണ് പറയുന്നത്. മൃഗങ്ങൾക്ക് പോലും മാസ്ക് ധരിക്കുന്നതിന്റേയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും പ്രധാന്യം മനസ്സിലായി, മനുഷ്യൻ ഇനി എന്ന് പഠിക്കാനാണ് എന്നാണ് ഈ വിഡിയോ കണ്ടവർ ചോദിക്കുന്നത്. 

മൃഗശാലയിലെത്തിയ യുവതി മാസ്ക് താടിയിൽ ധരിച്ച് ഒരു അരയന്നത്തിന്റെ മുന്നിൽ ഇരിക്കുന്നതാണ് വിഡിയോ. താടിയിലെ മാസ്ക് അരയന്നം വലിച്ച് മുഖത്തേക്ക് ഇടുന്നതും യുവതി പുറകിലോട്ട് മറിയുന്നതും വിഡിയോയിൽ കാണാം.

സെപ്റ്റംബർ 10 നാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ഇതിനകം 25.6 മില്യൺ ആളുകളാണ് കണ്ടത്. കോവിഡ് ബോധവത്കരണത്തിന് ഇതിലും മികച്ച വിഡിയോ ഇല്ലെന്നാണ് പൊതു അഭിപ്രായം.