സിനിമയ്ക്ക് പാക്ക്അപ്പ് പറഞ്ഞു; സംവിധായകൻ മീൻ കച്ചവടത്തിൽ: ജീവിതം

പ്രതാപ് പോത്തൻ മുഖ്യകഥാപാത്രമായ സിനിമയ്ക്ക് പാക്ക് അപ് പറഞ്ഞു സംവിധായകൻ മീൻ കച്ചവടത്തിൽ. ‘റിലീസ് ചെയ്ത്’ രണ്ടാഴ്ചയ്ക്കുള്ളിൽ മീൻകട സൂപ്പർ ഹിറ്റ് ആയി. കാഫിർ എന്ന സിനിമയുടെ സംവിധായകൻ വിനോദ് കരിക്കോട് ആണ്, അതിജീവനത്തിനായി കരിക്കോട് ജംക്‌ഷനിൽ മീൻ കട തുടങ്ങിയത്. രചനയും വിനോദിന്റേതാണ്.താടിയോടുള്ള വെറുപ്പ് രോഗാവസ്ഥയിലേക്കു മാറുന്ന പൊഗണോഫോബിയയ്ക്ക് അടിമയായ കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ‘കാഫിർ’. ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ മിക്സിങ് ചിത്രാജ്ഞലി സ്റ്റുഡിയോയിൽ പൂർത്തിയാകാൻ ഒരു ദിവസം ബാക്കി നിൽക്കുമ്പോഴാണ് ലോക്ഡൗൺ തുടങ്ങിയത്. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനുള്ള സ്വപ്നവും തടസ്സപ്പെട്ടു.

മാധ്യമപ്രവർത്തകനാണ് വിനോദ്. കുട്ടിക്കാലം മുതൽ സിനിമാകമ്പം കൂടെയുണ്ട്. കൊച്ചിയിൽ റിപ്പോർട്ടർ ആയിരിക്കെ അവധിയെടുത്താണ് കാഫിർ തുടങ്ങിയത്. അതു മുടങ്ങിയതോടെ അതിജീവനം വെല്ലുവിളിയായി. ഓൺലൈൻ മീഡിയയിൽ റിപ്പോർട്ടിങ്ങിനു കൂടിയെങ്കിലും ജീവിക്കാൻ വേറെ വഴി കണ്ടെത്തണമെന്നായി. ലോക്ഡൗൺ കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പഴകിയ മത്സ്യം പിടികൂടുന്നതിനു സാക്ഷിയായതും നിയോഗമായി. നല്ല മത്സ്യം നൽകണമെന്ന മോഹം കൂടി ഉണ്ടായതോടെയാണ് മീൻകട തുടങ്ങാൻ തീരുമാനിച്ചത്. കടയുടെ പേരും അങ്ങനെത്തന്നെ. 

ഇതിനിടയിൽ മറ്റൊരു മീൻ വിപണന ബന്ധം കൂടിയുണ്ട്. ‘ആക്‌ഷൻ ഹീറോ ബിജു’വിൽ കോബ്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമ്പലപ്പുഴ രാജേഷ്, വിനോദിന്റെ സിനിമയിൽ ബാബുക്ക എന്ന മത്സ്യവ്യാപാരിയെ അവതരിപ്പിക്കുന്നുണ്ട്. കോവിഡ് മൂലം വരുമാനം ഇല്ലാതായ ‘കോബ്ര’ രാജേഷ് ആലപ്പുഴയിൽ ഉണക്കമീൻ വിൽപനയിലൂടെ അതിജീവന പാത കണ്ടെത്തി.മീൻകടയിലെ ഒഴിവു വേളകളിലും എഴുത്ത് വിട്ടിട്ടില്ല. ഡ്രീം പ്രോജക്ടുമായി മമ്മൂട്ടിയെ കാണാൻ ഇരിക്കുകയാണ്.