‘എന്താ ചൂട്..’; കാറ്റുകൊള്ളാൻ വിമാനത്തിന്റെ ചിറകിലൂടെ നടന്ന് യുവതി; വിഡിയോ

വിമാനത്തിന്റെ ചിറകിൽ നടക്കാനിറങ്ങി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് യുക്രൈനിൽ നിന്നുള്ള ഒരു യുവതി. യുക്രൈൻ ഇൻറർനാഷണൽ എയർലൈൻസിന്റെ വിമാനം കീവ് വിമാനത്താവളത്തിൽ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് യാത്രക്കാരിയായ യുവതി എമർജൻസി വാതിൽ തുറന്ന് ചിറകിലേയ്ക്ക് ഇറങ്ങിയത്. പിന്നാലെ ചിറകിലൂടെ ആസ്വദിച്ച് നടത്തം.പിന്നാലെ യുവതി തന്നെ എമർജൻസി വാതിലൂടെ അകത്ത് കയറി.

ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ഉടൻതന്നെ യുവതിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ കൃത്യമായ ഒരു ഉത്തരം നൽകാൻ സാധിക്കാത്ത ഇവർ വിമാനത്തിനുള്ളിൽ ചൂട് കൂടുതൽ ആയിരുന്നു എന്നും അതിനാൽ കാറ്റുകൊള്ളുന്നതിനു വേണ്ടിയാണ് ചിറകിൽ ഇറങ്ങി നടന്നതെന്നുമാണ് മറുപടി നൽകിയത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് യുക്രൈൻ ഇൻറർനാഷണൽ എയർലൈൻസിന്റെ  വിമാനങ്ങളിൽ യുവതിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിഡിയോ കാണാം.