ഇതാ തനിനാടൻ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ; പിന്നിൽ പത്താംക്ലാസുകാരന്‍

അങ്ങനെ നമുക്കും കിട്ടി ഒരു ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ. സിനിമയിലല്ല, ജീവിതത്തിൽ. പായിപ്ര മാനാറി മോളേക്കുടിയിലെ വീട്ടിലെത്തിയാൻ ഈ തനിനാടൻ ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ കാണാം. വീട്ടിലെത്തുന്നവർക്ക് ചായയും ശീതളപാനീയവുമൊക്കെ നൽകി സ്വീകരിക്കുന്ന റോബോട്ട്. 

പാഴ്‌വസ്തുക്കളും തെർമോകോളും ബാറ്ററിയും സെൻസറുകളുമൊക്കെ ഉപയോഗിച്ച് വെറും ആയിരം രൂപയ്ക്ക് കുഞ്ഞൻ റോബട്ടിനെ വികസിപ്പിച്ചെടുത്തത് ഒരു കുട്ടി ശാസ്ത്രജ്ഞനാണ്. മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മാനാറി മോളേക്കുടി എമിൽ കുര്യൻ എൽദോസ്‌ ആണ് ആ താരം. മാനാറി മോളേക്കുടിയിൽ ഫാ.എൽദോസ് കുര്യാക്കോസിന്റെയും പേഴയ്ക്കാപ്പിള്ളി ജനറൽ മർച്ചന്റ്സ് സഹകരണ ബാങ്ക് ജീവനക്കാരി എലിസബത്ത് എൽദോസിന്റെയും മകനാണ് എമിൽ കുര്യൻ.

യുട്യൂബിലൂടെയും മറ്റും റോബട്ടിക്സുമായി ബന്ധപ്പെട്ടു കണ്ട വിഡിയോകളിൽ നിന്നു ലഭിച്ച അറിവാണ് എമിലിന് പ്രചോദനമായത്. 4 കിലോഗ്രാം വരെ ഭാരം താങ്ങാൻ കഴിയും ഈ റോബോട്ടിന്. ബാറ്ററിയി ഉപയോഗിച്ചാണ് പ്രവർത്തനം. മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് നിയന്ത്രണം.