വെള്ളപ്പൊക്കത്തിൽ മാൻഹോൾ കാണാതായി; പെരുമഴയത്ത് അനേകരെ രക്ഷിച്ച് സ്ത്രീ; വിഡിയോ

കോവിഡിനിടെയെത്തിയ പെരുമഴയും പ്രകൃതിദുരന്തങ്ങളും മനുഷ്യരെ ഇരട്ടി ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രാജ്യത്തെ പല നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മുംബൈയിലും സ്ഥിതി ഗുരുതരമാണ്. ഇതിനിടെ മനുഷ്യത്വം വറ്റാത്ത ചില മനുഷ്യരുടെ നല്ല മാത‍ൃകകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. മുംബൈയിലെ തുൾസി പൈപ്പ് റോഡിൽ നിന്നും‌മുള്ള ഒരു വിഡിയോയും വൈറലാകുകയാണ്. 

കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വഴിയിൽ സ്ഥിതി ചെയ്യുന്ന മാൻ ഹോൾ തിരിച്ചറിയാനാകാത്ത വിധം വെള്ളം നിറഞ്ഞു. മാൻ ഹോൾ അവിടെയുണ്ടെന്ന് വഴിയിലൂടെ വരുന്ന വാഹനങ്ങളെ അറിയിക്കാൻ ഒരു സ്ത്രീ വെള്ളക്കെട്ടിന് സമീപം നിൽക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. മധ്യവയസ്കയായ സ്ത്രീയുടെ കയ്യിൽ ഒരു ഊന്നുവടിയും ഉണ്ട്. 

ആർത്തുപെയ്യുന്ന മഴ വകവെയ്ക്കാതെ വളരെ കരുതലോടെയാണ് വാഹനങ്ങൾക്ക് സ്ത്രീ മുന്നറിയിപ്പ് നൽകിയത്. ഏകദേശം അഞ്ചുമണിക്കൂറോളം സ്ത്രീ വഴിയിൽ നിന്നെന്നാണ് വിവരം.