കുത്തൊഴുക്കുള്ള ആറ്റിലേക്കു ചാടി പോത്ത്; പാലത്തിൽ ഇടിച്ചുനിന്നു, കര കയറ്റിയതിങ്ങനെ

കുമരകം: താഴത്തങ്ങാടി ഭാഗത്തു നിന്നു വിരണ്ടോടി മീനച്ചിലാറ്റിൽ ചാടിയ പോത്തിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കരയ്ക്കു കയറ്റി. മീനച്ചിലാറ്റിലൂടെ ഒഴുകിപ്പോയി ഇല്ലിക്കൽ പാലത്തിന്റെ തൂണുകളുടെ വശത്തെ നിരപ്പുള്ള ഭാഗത്തു കയറി നിന്ന് ഇടയ്ക്കു കരയ്ക്കു കയറുകയും വീണ്ടും ആറ്റിലേക്കു ചാടുകയും ചെയ്ത പോത്തിനെ മറ്റൊരു പോത്തിനെ കൊണ്ടുവന്ന് അനുനയിപ്പിച്ചാണു കരയ്ക്കു കയറ്റിയത്. 

ഓട്ടം

ഇന്നലെ രാവിലെ ഏഴോടെയാണു സംഭവങ്ങളുടെ തുടക്കം. കശാപ്പിനായി കൊണ്ടുവന്ന പോത്ത് കെട്ടഴിക്കുന്നതിനിടെ ഓടുകയായിരുന്നു. 

ചാട്ടം

താഴത്തങ്ങാടി ഭാഗത്തു നിന്ന് ഓടിയ പോത്ത് എട്ടേമുക്കാലിനാണു കുമരകം റോഡിന്റെ ഇല്ലിക്കൽ വളവ് ഭാഗത്ത് ആറ്റിലേക്കു ചാടിയത്. നാട്ടുകാർ അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വിവരം അറിയിച്ചു. പോത്ത് ഒഴുകിപ്പോകുന്നതു കാണാമായിരുന്നെങ്കിലും കുത്തൊഴുക്കുള്ള ആറ്റിലേക്കു ചാടി രക്ഷപ്പെടുത്താൻ കഴിയുമായിരുന്നില്ല.

ഒഴുകിപ്പോകുന്നതിനിടെ പോത്ത് ഇല്ലിക്കൽ പാലത്തിന്റെ തൂണുകളുടെ ഭാഗത്ത് ഇടിച്ചു. തുടർന്നു പോത്ത് തൂണുകളുടെ വശത്തെ നിരപ്പു ഭാഗത്തു കയറി നിന്നു. ഈ സമയം അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. ഇതിനിടെ പോത്ത് ഇല്ലിക്കൽ പാലത്തിനു സമീപം കരയിലേക്കു കയറി. 

എടുത്തുചാട്ടം

ആൾക്കൂട്ടം കണ്ടതോടെ പോത്ത് വീണ്ടും ആറ്റിലേക്കു ചാടി. പോത്ത് കരയ്ക്കു കയറിയാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിനാൽ എങ്ങനെയും അനുനയിപ്പിക്കാനായിരുന്നു ശ്രമം. ‘അനുനയച്ചർച്ച’നാട്ടുകാരിൽ ഒരാൾ മറ്റൊരു പോത്തിനെ സ്ഥലത്ത് എത്തിച്ചു. ഈ പോത്തിനെ കണ്ടതോടെ ആറ്റിൽ ചാടിയ പോത്ത് ശാന്തനാകാൻ തുടങ്ങി. തുടർന്നു പോത്ത് കരയ്ക്കു കയറാനുള്ള ശ്രമമായി. കരയ്ക്കു നിന്ന പോത്തിനെ കണ്ട് ആ ഭാഗത്തേക്കു തന്നെ ആറ്റിൽ ചാടിയ പോത്ത് കയറിവരാൻ തുടങ്ങി. 

പിടിച്ചുകെട്ടി!

കരയ്ക്കു കയറി പോത്ത് വീണ്ടും ഓടാൻ ശ്രമിക്കുന്നതിനിടെ അഗ്നിരക്ഷാ സേനാംഗങ്ങൾ കയർ കഴുത്തിൽ ചുറ്റി. തുടർന്നു നാട്ടുകാർ ഉൾപ്പെടെയുള്ള സംഘം പോത്തിനെ പിടിച്ചുകെട്ടുകയായിരുന്നു. പൊലീസ് എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ, അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ അനൂപ് പി. രവീന്ദ്രൻ, അസി. സ്റ്റേഷൻ ഓഫിസർ വി.ഷാബു, സീനിയർ റെസ്ക്യൂ ഓഫിസർ പി.സുരേഷ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.