ഡ്രാഗണാകാൻ നോക്കി; കാഴ്ചപോയി; ചിലവായത് ഒരു ലക്ഷത്തിലധികം ഡോളർ

25 വയസാണ് ആംബർ ലൂക്ക് എന്നു പേരായ ഈ ഡ്രാഗൺ പെൺകുട്ടിയുടെ പ്രായം. ഇക്കാലത്തിനിടെ ശരീരത്തിൽ നടത്താത്ത പരീക്ഷണങ്ങളില്ലെന്ന് പറയേണ്ടിവരും. ടാറ്റ്യൂ പതിക്കാൻ ഇനി ഒരി​ഞ്ച് സ്ഥലം ബാക്കിയില്ല. ഇപ്പോൾ തന്റെ കാതോട് ചേർന്ന് നീല ഡയമണ്ട് കമ്മലുകൾ അണിഞ്ഞുള്ള പുതിയ പരീക്ഷണത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് യുവതി. കമ്മൽ അണിയുന്നതിനായി ചെവിയില്‍ 30 മില്ലി മിറ്റർ വിസ്താരമുണ്ടാക്കി. ഇതായിരുന്നു ഏറ്റവു ഒടുവിലത്തെ പരീക്ഷണം.

ശരീരത്തിൽ മാറ്റം വരുത്തുന്നതിനായി യുവതി ചിലവാക്കിയ തുക കേട്ടാൽ ഞെട്ടും. ഒരു ലക്ഷത്തി ഇരുപതിനായിരം ഡോളർ. ഇത്രയും തുക ചിലവാക്കി പല ശരീര ഭാഗങ്ങളുടെയും ഘടനയിൽ യുവതി മാറ്റം വരുത്തി. മാറിടവും പിൻഭാഗവും ശസ്ത്രക്രിയ ചെയ്തു. ചെവിയിലും ചുണ്ടിലും കവിളിലും എല്ലാം പലതരത്തിലുള്ള ആഭരണങ്ങൾ ഘടിപ്പിച്ചു. നാവ് രണ്ടായി പിളർത്തു. കൂടാതെ 600ൽ അധികം ടാറ്റ്യൂ പതിച്ചു. 

ഡ്രാഗൺ രൂപമാകാൻ വേണ്ടി നടത്തിയ പരീക്ഷണങ്ങളിൽ മുൻപ് യുവതിക്ക് കാഴ്ചശക്തി നഷ്ടമായിരുന്നു. കണ്ണുകൾക്ക് നിറം നൽകാനായി നീല മഷി കുത്തിവച്ചു. ഇത് തിരിച്ചടിയായി.  മൂന്നാഴ്ചയോളം  കാഴ്ച നഷ്ടപ്പെട്ടു. തുടർന്ന് ആംബർ തത്കാലത്തേക്ക് ശരീര പരീക്ഷണങ്ങൾ നിർത്തിയിരുന്നു.

‘എന്തായിരുന്നു ആ അവസ്ഥ എന്ന് നിങ്ങളോട് പറയാന്‍ ഇപ്പോഴും എനിക്ക് അറിയില്ല. കണ്ണിന് നീലനിറം നൽകാനുള്ള  പരീക്ഷണം തീർത്തും പരാജയപ്പെട്ടു. 4 തവണയാണ് കണ്ണിലേക്ക് നീലനിറത്തിലുള്ള മഷി ഒഴിച്ചത്. വളരെ അസ്വസ്ഥതയുണ്ടാക്കി. നിർഭാഗ്യമെന്നു പറയട്ടെ അത് എന്റെ കാഴ്ച നഷ്ടമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം എനിക്കപ്പോൾ മനസ്സിലായിരുന്നില്ല. എല്ലാം ശരിയായെന്നായിരുന്നു ടാറ്റ്യൂ ആർടിസ്റ്റ് പറഞ്ഞത്. നിനക്ക് കാഴ്ച നഷ്ടമായിട്ടില്ല. ഇപ്പോൾ അങ്ങനെ തോന്നുന്നതാണെന്നും അയാൾ പറഞ്ഞു. എന്നാൽ അത് നുണയായിരുന്നു. മൂന്നാഴ്ചയോളം എനിക്ക് കാഴ്ചയുണ്ടായിരുന്നില്ല. വളരെ ദയനീയമായിരുന്നു എന്റെ അവസ്ഥ. അത്തരത്തിൽ ശരീരത്തിൽ ഒരു മാറ്റം വേണമെന്ന് യഥാർഥത്തിൽ ഞാൻ ആഗ്രഹിച്ചിരുന്നില്ല. നാവ് പിളർത്തുന്നതോ കാഴ്ച ശക്തി നഷ്ടമാകുന്നതോ ആയ പരീക്ഷണങ്ങള്‍ ഇനി നടത്തില്ല.’–ആംബർ പറയുന്നു. 

16 വയസു മുതൽ തുടങ്ങിയതാണ് ആംബറിന്റെ ടാറ്റ്യൂ പ്രണയം. സ്വന്തം രൂപത്തോട് ഒരു ആകർഷണീയതയും തോന്നിയിട്ടില്ലെന്ന് ശരീര പരീക്ഷണങ്ങൾ നടത്തുന്നതിനു മുന്നോടിയായി യുവതി  പറഞ്ഞിരുന്നു. ഇത്തരം പരീക്ഷണങ്ങൾ നടത്തിയതിൽ ഒരിക്കലും നിരാശയോ ഭയമോ തോന്നിയിട്ടില്ല. ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും യുവതി വ്യക്തമാക്കി.