‘നബിയേയും ക്രിസ്തുവിനേയും പഠിക്കേണ്ട’; കര്‍ണാടക സര്‍ക്കാരിനെതിരെ റിയാസ്; കുറിപ്പ്

മുഹമ്മദ് നബിയേയും യേശു ക്രിസ്തുവിനേയും ഹൈദരാലിയേയും ടിപ്പുവിനേയും പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റിയ കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്. മുഹമ്മദ് നബിയുടേയും യേശുവിന്റേയും വചനങ്ങള്‍ എടുത്തു കാട്ടിയാണ് റിയാസ് പ്രതികരിച്ചത്. മുഹമ്മദ് നബിയേയും യേശു ക്രിസ്തുവിനേയും ഹൈദരാലിയേയും ടിപ്പുവിനേയും പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റുക വഴി മതമൈത്രിയുടെയും മാനവികതയുടെയും സ്നേഹസന്ദേശങ്ങളേയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്ര പാഠങ്ങളേയുമാണ് കർണാടക സർക്കാർ തമസ്കരിക്കുന്നതെന്നു റിയാസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

പോസ്റ്റിന്റെ പൂര്‍ണരൂപം: 

മനുഷ്യനെ വേർത്തിരിക്കുന്നത് കറുപ്പെന്നോ വെളുപ്പെന്നോ അല്ല, മറിച്ച് അവൻ ചെയ്യുന്ന കർമ്മങ്ങളാണ് -മുഹമ്മദ് നബി

തന്നെപ്പോലെ തന്റെ അയൽക്കാരെയും സ്നേഹിക്കുക -യേശുക്രിസ്തു

ഒന്നും രണ്ടും ആംഗ്ലോ- മൈസൂർ യുദ്ധങ്ങളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനിക മുന്നേറ്റത്തെ ശക്തമായി പ്രതിരോധിക്കുകയും  മൈസൂറിന്റെ സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി വികസിപ്പിക്കുകയും ചെയ്ത ഹൈദരലി , നാല് മൈലുകൾക്കുള്ളിൽ ഓരോ വിദ്യാലയങ്ങൾ പണിയണമെന്ന് ആഗ്രഹിച്ച

വൈജ്ഞാനിക മേഖല വിപുലപ്പെടുത്തുന്നതിന് ഗ്രന്ഥശാലകൾ സ്ഥാപിച്ച, തന്റെ ഭരണപ്രദേശങ്ങളിൽ മദ്യവും വേശ്യാവൃത്തിയും കഞ്ചാവ് കൃഷിചെയ്യുന്നതും  കർശനമായി നിരോധിച്ച, ബ്രിട്ടീഷ് കോളനിവിരുദ്ധ യുദ്ധനായകൻ ടിപ്പു..

മുഹമ്മദ് നബിയേയും യേശു ക്രിസ്തുവിനേയും ഹൈദരാലിയേയും ടിപ്പുവിനേയും പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റുക വഴി മതമൈത്രിയുടെയും മാനവികതയുടെയും സ്നേഹസന്ദേശങ്ങളേയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്ര പാഠങ്ങളേയുമാണ് കർണാടക സർക്കാർ തമസ്കരിക്കുന്നത്.

സഹവർത്തിത്തവും,സഹിഷ്ണുതയുമില്ലാത്ത  കരുണ വറ്റിയ,ചരിത്രബോധമില്ലാത്ത മസ്തിഷ്കങ്ങളെ സൃഷ്ടിക്കുവാനുള്ള സംഘപരിവാറിന്റെ 

മറ്റൊരു ശ്രമം കൂടി...ഇത്തവണ കർണാടകയിലാണ്...കൽബുർഗിയുടെ തലയെടുത്ത കർണ്ണാടകയിലെ സംഘ്ഭീകരത പാഠപുസ്തങ്ങൾക്ക് മേൽ കത്രിക വെയ്ക്കുമ്പോൾ നാം പ്രതികരിച്ചേ മതിയാകൂ..