‘അയിന് മ്മക്ക് ഒരു കൊയപ്പോല്യ’; കിട്ടിയത് ദുരിതാശ്വാസത്തിന്: വിഡിയോ

'ചെലോര് ഇട്ടോടുക്കും, ചെലോര് ഇട്ടോടുക്കൂല, ഞാൻ ഇട്ടോടുക്കും, അയിന് മ്മക്ക് ഒരു കൊയപ്പോല്യ'. ഫായിസിന് മിൽമ നൽകിയ റോയൽറ്റി തുക എങ്ങനെ ചിലവഴിക്കുമെന്ന് ചോദിച്ചപ്പോൾ നൽകിയ മറുപടിയാണ്. പണത്തിന്റെ പകുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പകുതി ബാപ്പയുടെ സുഹൃത്തിന്‍റെ മകളുടെ വിവാഹത്തിന് ധന സഹായമായും നൽകുമെന്നാണ് ഫായിസ് പറയുന്നത്. 

'ഞാൻ ഇങ്ങനൊന്നും ആവൂന്ന് വിചാരിച്ചില്ല്യ. തെറ്റ്യപ്പോ അയില് പറഞ്ഞതാ. ഫാമിലി ഗ്രൂപ്പിലിട്ട് അങ്ങനെ പോയതാ. എല്ലാരും പറയുന്നേ നല്ല പരച്യം ആണ്. ഇനിയും വിഡിയോ ഇടണമെന്നാണ്. മ‌ിൽമ നൽകിയ പണം പാവപ്പെട്ടവർക്ക് കൊടുക്കും. ചെലോര് ഇട്ടോടുക്കും, ചെലോര് ഇട്ടോടുക്കൂല, ഞാൻ ഇട്ടോടുക്കും, അയിന് മ്മക്ക് ഒരു കൊയപ്പോല്യ.' നിഷ്ക്കളങ്കമായി ഫായിസ് പറയുന്നു.

‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല..’ എന്ന് തുടങ്ങുന്ന ഫായിസിന്‍റെ വിഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ ഫായിസ് താരമായി. തോല്‍ക്കുന്നവര്‍ക്ക് പ്രചോദനമാകുന്ന വാക്കുകളെന്ന് കേരളം വാഴ്ത്തി. ഫായിസ് മനോരമ ന്യൂസിനോട് സംസാരിക്കുന്ന വിഡിയോ കാണാം. 

ഇതോ വാചകം പരസ്യവചകമാക്കിയ മില്‍മക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.  കടലാസ് പൂവ് നിര്‍മിച്ചു വൈറലായ ഫായിസ് എന്ന കുട്ടിയുടെ വാചകമാണ് കടപ്പാട് പറയാതെ മലബാർ മിൽമ പരസ്യവാചകമാക്കിയത്. ഇതോടെ പോസ്റ്റിന് താഴെ കമന്റുമായി ഒട്ടേറെ പേരെത്തി. ഫായിസിന്റെ വാചകവും ആശയവും പണം കൊടുത്ത് വാങ്ങണം എന്നായി ഒരു വിഭാഗം. ആ കുട്ടിക്ക് അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റോയൽറ്റി മിൽമ കൊടുക്കണമെന്നും ഒരു സർട്ടിഫിക്കറ്റും രണ്ട് സിപ്പപ്പും ഒരു ഐസ്ക്രീമും ആയി അത് ഒതുങ്ങരുതെന്നും ആവശ്യമുയര്‍ന്നു. ഇതോടെ ഇന്ന് രാവിലെയാണ് സമ്മാനങ്ങളുമായി മില്‍മ അധികൃതര്‍ വീട്ടിലെത്തിയത്.പതിനായിരം രൂപയും 14,000 രൂപയുടെ ആൻഡ്രോയിഡ് ടി.വിയും മിൽമയുടെ എല്ലാ ഉൽപന്നങ്ങളുമാണ് ഫായിസിന്‍റെ വീട്ടിലെത്തി കൈമാറിയത്.