ഹൃദയം നിറച്ച നന്‍മ; സുപ്രിയക്ക് വീട് നല്‍കാന്‍ ജോയ് ആലുക്കാസ്

ഏതാനും ദിവസവും മുൻപാണ് സുപ്രിയ എന്ന സെയിൽസ് ഗേൾ സോഷ്യൽമീഡിയയ്ക്ക് സുപരിചിതയായത്. സുപ്രിയ ചെയ്ത നന്മയാണ് കാരണം. മനുഷ്യർ മനുഷ്യരെ ഭയക്കുന്ന ഈ കോവിഡ് കാലത്ത് അന്ധനായ ഒരു വൃദ്ധനെ കെ.എസ്.ആർ.ടി.സി ബസിൽ കൈപിടിച്ച് കയറ്റിയ ദൃശ്യം സമൂഹമാധ്യമത്തിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ സുപ്രിയയെ തേടി മറ്റൊരു സന്തോഷം കൂടി വന്നരിക്കുകയാണ്. 

നന്മയുടെ വിഡിയോ കണ്ട സ്ഥാപനത്തിന്റെ ഉടമ ജോയ് ആലുക്കാസ് സുപ്രിയയ്ക്കും കുടുംബത്തിനും വീട് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തു. കഴിഞ്ഞ ദിവസം ജോയ് ആലുക്കാസും കുടുംബവും സുപ്രിയയെ തൃശൂരുള്ള ഹെഡ് ഓഫീസിൽ വിളിച്ചുവരുത്തി അനുമോദിച്ചിരുന്നു. അന്ന് സുപ്രിയയ്ക്കായി ഒരു സർപ്രൈസ് സമ്മാനം വരുന്നുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ ഇത്രയും വലിയൊരു സർപ്രൈസായിരിക്കുമെന്ന് സുപ്രിയ കരുതിയിരുന്നില്ല. ഇതിനെക്കുറിച്ച് സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ:

സമൂഹമാധ്യമത്തിൽ വിഡിയോ വൈറലായതിനെത്തുടർന്ന് ഒരുപാട് പേർ നല്ല വാക്കുകൾ പറഞ്ഞു. എന്നാൽ സാറിന്റെ അഭിനന്ദനം ഒരിക്കലും മറക്കാനാകില്ല. തൃശൂർ ഹെഡ്ഓഫീസിൽവച്ചായിരുന്നു കൂടിക്കാഴ്ച. മനസിലെ നന്മ കൈവിടരുതെന്നാണ് സാർ അന്ന് പറഞ്ഞത്. എനിക്കൊരു സർപ്രൈസ് സമ്മാനമുണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ സ്വപ്നമായ നല്ല ഒരു വീടായിരിക്കുമെന്ന് കരുതിയില്ല. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിനങ്ങളാണ് കടന്നുപോയത്.- സുപ്രിയ പറഞ്ഞു.