അന്ന് സരിതയുടെ സാരി; ഇന്ന് സ്വപ്നയുടെ സൗന്ദര്യം: പെണ്ണ് കുറ്റവാളി ആകുമ്പോള്‍

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തും സ്വപ്നസുരേഷിനെക്കുറിച്ചും സരിത്തിനെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകളുമായി കേരളവും മലയാളികളും മുന്നോട്ടുപോകുകയാണ്. കുറ്റകൃത്യത്തിന്റെ വ്യാപ്തി ചർച്ചയാക്കുന്നതിനു പകരം സ്വപ്നയുടെ ശാരീരിക സൗന്ദര്യം ചർച്ചയാക്കുന്ന വികലമായ ചിന്തകൾക്കെതിരെ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഫ്രീലാൻസ് എഴുത്തുകാരിയായ ജീന അൽഫോൺസ ജോൺ. 

പെണ്ണ് കുറ്റകൃത്യം ചെയ്യുമ്പോൾ അവളുടെ ശാരീരിക സൗന്ദര്യം കൂടുതലായും ചർച്ച ചെയ്യപ്പെടുന്നത് എന്തു കൊണ്ടാണെന്ന് ജീന ചോദിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ജീനയുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

പെണ്ണ് കുറ്റകൃത്യം ചെയ്യുമ്പോൾ അവളുടെ ശാരീരിക സൗന്ദര്യം കൂടുതലായും ചർച്ച ചെയ്യപ്പെടുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ?? അന്നത് സരിത ആണെങ്കിൽ ഇന്ന് സ്വപ്ന. ഇന്നലത്തെ, രാത്രിയിലെ ചൂടുള്ള അന്തിചർച്ചകളിൽ പല ബഹുമാനാർഹരായ വ്യക്തികൾ പോലും, ‘സ്വപ്ന സുന്ദരിയായ സ്വപ്ന’, ‘മാദക സൗന്ദര്യം’ എന്നൊക്കെ പറയുന്നത് കേട്ട് പുച്ഛം തോന്നിപ്പോയി.

ഏകദേശം 7 വർഷങ്ങൾക്ക് മുൻപ് സോളാർ കേസിന്റെ സമയത്തും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. സരിതയും അവിഹിതങ്ങളും എന്ന നിലയിൽ മാത്രമാണ് അന്ന് ആ കേസ് മുഴുവനായും സഞ്ചരിച്ചത്. സരിതയുടെ അലമാരിയിലെ സാരിയുടെ എണ്ണവും, എങ്ങിനെ നന്നായി സാരി ഉടുക്കാം എന്നതൊക്കെയായിരുന്നു അന്ന് പല യൂട്യൂബ് ചാനലുകളിലെയും ഓൺലൈൻ മഞ്ഞ പത്രങ്ങളിലെയും ട്രൻഡിങ് ചർച്ചാ വിഷയം.

എന്തുമാത്രം പേജുകളാണ് സരിതയ്ക്കു വേണ്ടി നവ മാധ്യമങ്ങളിൽ ഉയർന്ന് വന്നത്.. പലതിനും പതിനായിരക്കണക്കിന് ഫോള്ളോവെർസ്. സരിത ഫാൻസ്‌ അസോസിയേഷൻ പോലും സ്ഥാപിയ്ക്കപ്പെട്ട് ചൂടുള്ള വാർത്തകൾ കൈമാറി.. അതുകൊണ്ടൊക്കെ തന്നെ, കേസ് സ്വാഹാ... !! പെൻഡ്രൈവ് തപ്പി മാത്രം എന്തുമാത്രം നികുതി തുകയാണ് സംസ്ഥാനം ചെലവിട്ടത്... എന്നിട്ടും, പുറത്തു വന്നത് പല കേട്ടാലറയ്ക്കുന്ന ഫോൺവിളികളും കഥകളും മാത്രം.. കേസ് എന്തായി?? ഇന്നും നമ്മൾ ഇരുട്ടിൽ തപ്പുന്നു, സരിതയ്ക്ക് പിന്നാലെ പായുന്നു

സ്വപ്നയുടെ കേസും ഇന്ന് വിഭിന്നമല്ല. അവിഹിത കഥകൾ പലതും പുറത്തു വന്നുകൊണ്ടേയിരിയ്ക്കുന്നു. പലർക്കും സ്വപ്ന മദ്യപിയ്ക്കും, പല പുരുഷന്മാരായ ഉദ്യോഗസ്ഥർ അവരുടെ വീട്ടിൽ വന്ന് പോകും എന്നതൊക്കെയാണ് വലിയ കണ്ടുപിടുത്തങ്ങൾ.. എന്തൊരു കഷ്ടമാണ് മനുഷ്യന്മാരെ.. അവിഹിതത്തിലും ‘ഒരു ഹിതം’ ഉണ്ടെന്ന് എന്നാണിനി നിങ്ങൾ മനസിലാക്കുക?? സ്വപ്നയുടെ മാദക സൗന്ദര്യം, അഴകളവുകൾ എന്നൊക്കെയുള്ള പേരിൽ അവരുടെ പല ഫോട്ടോസും എടുത്ത് പെരുമാറാൻ ആരാണ് നിങ്ങൾക്ക് അനുവാദം നൽകിയത്??

എന്റെ അറിവ് ശരിയാണെങ്കിൽ സ്വപ്നയുടെ ഒപ്പം സരിത്ത് എന്ന പുരുഷനാണ് ആദ്യം പിടിയിലായത്.. സത്യത്തിൽ അയാളുടെ പേരുപോലും എവിടെയും ആരും പരാമർശിച്ചുകണ്ടില്ല.. എല്ലാവർക്കും സ്വപ്നയുടെ ആരും പറയാത്ത കഥകളും, നെഞ്ചളവുമൊക്കെ കണ്ടത്തുന്നതിലാണ് കൗതുകം.

രാജ്യത്തിന്റെ വിദേശ ബന്ധങ്ങളെ പോലും സ്വാധീനിയ്ക്കുന്ന, നമ്മുടെ നേതാക്കളും - പല ഉന്നത ഉദ്യോഗസ്ഥരും അടക്കം ഒരു സിസ്റ്റം മുഴുവനായും സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു കേസ് ആണിത്. തെളിയിക്കപ്പെടേണ്ടത് യാഥാർഥ്യങ്ങളാണ്. കുറ്റവാളികൾ ആരായിരുന്നാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. സത്യം വിജയിക്കണം. വളച്ചൊടിയ്ക്കപ്പെടാതെ നീതി നടപ്പാക്കണം. ഇത്തരം കേസുകൾ രാഷ്ട്രീയ വത്കരിയ്ക്കപ്പെടുന്നതിനോട് കടുത്ത വിരോധമുണ്ട്. എന്നിരുന്നാലും ജനങ്ങൾ കബളിപ്പിയ്ക്കപ്പെടാതെയിരിയ്ക്കട്ടെ.

ഇത്രയും ധീരമായ വെളിപ്പെടുത്തൽ നടത്തിയ, നടപടി സ്വീകരിച്ച നമ്മുടെ custom ഉദ്യോഗസ്ഥരോട് മുഴുവൻ ബഹുമാനവും.. ഇവരെപോലുള്ളവരിലാണ് രാജ്യത്തിൻറെ പ്രതീക്ഷ... ?