'സീൻ കോൺട്ര'; പട്ടികുരച്ചത് പിടിച്ചില്ല; കൂടോടെ തള്ളിമറിച്ചിട്ട് കാട്ടാന

പട്ടി കുരച്ചാൽ നാട്ടാന പേടിക്കാറില്ല  ഇപ്പോൾ, പിന്നല്ലേ കാട്ടാന? വേണ്ടി വന്നാൽ പട്ടിയെ പേടിപ്പിക്കാനും പിന്നെയും കുരച്ചാൽ ഒരു പണി കൊടുക്കാനും തയാറാണെന്ന് ശനിയാഴ്ച രാത്രി മഠപ്പുരച്ചാലിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന തെളിയിച്ചു. കാട്ടാനകൾ കൃഷിയിടങ്ങളിൽ ഇറങ്ങിയപ്പോൾ കുരച്ച് ബഹളം കൂട്ടിയ പട്ടിയെ കൂടോടെ തള്ളി മറിച്ചിട്ടാണ് കാട്ടാന കണക്ക് തീർത്തത്.

വാഴപടവിൽ സേവ്യറിന്റെ കൃഷിയിടത്തിൽ എത്തിയ കാട്ടാനയാണ് വീട്ടു മുറ്റത്തെ കൂട്ടിൽ കിടന്ന പട്ടിയെ അക്രമിച്ചത്. നിര‍ത്താതെയുള്ള കുര കേട്ട ദേഷ്യം പിടിച്ച കാട്ടാന വീട്ടുമുറ്റത്തെത്തി പട്ടിക്കൂട് തകർത്തു. വീടിന് പത്ത് മീറ്റർ മാത്രം അകലെയാണ് പട്ടിക്കൂട് ഉണ്ടായിരുന്നത്. കൂടിന്റെ പലക തകർന്നുണ്ടായ വിടവിലൂടെ പട്ടി പുറത്ത് ചാടി ഓടി രക്ഷപ്പെടുകയായിരുന്നു.

മുൻപൊക്കെ പാതിരാത്രി കഴിഞ്ഞ് മാത്രം കൃഷിയിടത്തിലേക്ക് വന്നിരുന്ന കാട്ടാനകൾ പുഴകളും മലയോര ഹൈവേയും ജനവാസ കേന്ദ്രങ്ങളും താണ്ടി പകൽ മങ്ങുമ്പോൾ  തന്നെ കൃഷിയിടത്തിൽ എത്തും. സഹികെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചാൽ ചിലപ്പോൾ ഏതാനും ഉദ്യോഗസ്ഥരെത്തി ലൈറ്റ് തെളിച്ച് പരിശോധിച്ച് മടങ്ങും എന്നതിന് അപ്പുറം കാട്ടാനകളെ തുരത്താനുള്ള  നടപടികൾ ഒന്നും ഉണ്ടാകുന്നില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.