രണ്ടു വലിയ കല്ലുകൾ; ഒരുരാത്രി കൊണ്ട് തൊഴിലാളി കോടീശ്വരനായി; വിഡിയോ

ഭാഗ്യം എപ്പോൾ എങ്ങനെ വരുമെന്ന് പറയാൻ കഴിയില്ല. ചിലപ്പോൾ മണ്ണിനടിയിൽ നിന്നും നിധി വരെ ലഭിച്ചേക്കാം. ദിവസങ്ങൾക്ക് മുൻപ് ഇതുപോലെ ലഭിച്ച രണ്ടു കല്ലുകൾ തൊഴിലാളിയെ കോടീശ്വരനാക്കി. ഖനിയിൽ നിന്നു ലഭിച്ച രണ്ട് വലിയ ടാൻസാനൈറ്റ് രത്നക്കല്ലുകളാണ് സാനിനിയു ലൈസർ എന്ന ഖനിത്തൊഴിലാളിയുടെ തലവര മാറ്റിമറിച്ചത്. കിഴക്കൻ ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന രത്നക്കല്ലുകളാണ് ടാൻസാനൈറ്റ്. ഇരുണ്ട വയലറ്റ് നിറമുള്ള രത്നക്കല്ലുകളാണിത്.

രണ്ട് വലിയ രത്നക്കല്ലുകളാണ് സാനിനിയുവിന് ഖനിയിൽ നിന്നും ലഭിച്ചത്. ഇതിൽ ഒരെണ്ണത്തിന് 9.27 കിലോഗ്രാം ഭാരവും മറ്റൊന്നിന് 5.10 കിലോഗ്രാം ഭാരവുമുണ്ട്. ഖനിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും വലിയ രത്നക്കല്ലുകൾ ഇവിടെനിന്നു കണ്ടെത്തുന്നതെന്ന് ഖനി മന്ത്രാലയത്തിന്റെ സെക്രട്ടറി വ്യക്തമാക്കി.

ടാൻസാനിയയിലെ ഗവൺമെന്റ് ഖനിത്തൊഴിലാളിയായ സാനിനിയുവിന് 7.74 ബില്യൺ ടാൻസാനിയൻ ഷില്ലിങ് അഥവാ 25 കോടിയിലധികം ഇന്ത്യൻ രൂപയുടെ ചെക്ക് കൈമാറി. ടാൻസാനിയയിലെ പ്രസിഡന്റ് ഖനിത്തൊഴിലാളിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. കഴിഞ്ഞ വർഷമാണ് ടാൻസാനിയയിലെ ഖനികളിൽ ജോലിചെയ്യുന്ന കൈത്തൊഴിലാളികൾക്ക് കിട്ടുന്ന രത്നങ്ങളും സ്വർണവും നേരിട്ടു ഗവൺമെന്റിന് കൈമാറാനായി വ്യാപാരശാലകൾ തുറന്നത്. 

2018 ഏപ്രിൽ മാസത്തിലാണ് ഖനി പ്രവർത്തനമാരംഭിച്ചത്. അനധികൃത രത്നഖനനം തടയാനായാണ് ഖനി ആരംഭിച്ചതെന്ന് അന്ന് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.എന്തായാലും നേരം ഇരുണ്ടു വെളുത്തപ്പോൾ കോടിപതിയായി മാറിയതിന്റെ സന്തോഷത്തിലാണ് ഖനിത്തൊഴിലാളി.