ചെന്നായ വിളയാട്ടം; ആളുകളെ കടിച്ചുപറിച്ചു, തെരുവ് നായ്ക്കളെ പായിച്ചു; പേ വിഷബാധ

കഴിഞ്ഞ ശനിയാഴ്ച തെന്മലയിലും ഇടപ്പാളയത്തും ആളുകളെ കടിച്ച ചെന്നായയ്ക്ക് പേവിഷബാധയെന്ന് പരിശോധന ഫലം. പേവിഷബാധയുള്ളതിനാലാണ് ചെന്നായ് ആക്രമിക്കാൻ കാരണമെന്ന് വനംവകുപ്പ് പറയുന്നു. 2 മാസം മുൻപ് തെന്മലയിൽ പേപ്പട്ടി എത്തിയിരുന്നു. ഈ നായ നിരവധി നായ്ക്കളെ കടിച്ചെന്നും പറയുന്നുണ്ട്. നാട്ടിൽ നിന്നും ചെന്നായയ്ക്ക് രോഗം പടർന്നതാകാനാണ് സാധ്യത. തെന്മലയിൽ ഒരാളുടെ കഴുത്തിലും ഇടപ്പാളയത്ത് ഒരാളുടെ കാലിലുമാണ് ചെന്നായ് കടിച്ചത്. രണ്ടുപേരേയും ആക്രമിച്ചത് ഒരേ ചെന്നായ് ആണ്. അന്നുതന്നെ വനംവകുപ്പിന്റെ അഞ്ചൽ ആർആർടി ടീം ചെന്നായെ പിടികൂടിയിരുന്നു.

ചെന്നായയുടെ ആക്രമണം വീണ്ടും മനുഷ്യരിലേക്ക്. ഇന്നലെ തെന്മല മാർക്കറ്റിൽ ഉറങ്ങിയ ആനന്ദ് ഭവനിൽ അനീഷിന്റെ (33) തലയ്ക്കാണ് ചെന്നായ് കടിച്ചത്. അനീഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുത്തൻ വീട്ടിൽ സജിയുടെ ആടിനേയും ചെന്നായ് കടിച്ചു.

ചെന്നായയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ചെന്നായ് സഞ്ചരിക്കുന്ന വഴിയായ റിയ എസ്റ്റേറ്റിലും പുത്തൻ വീട്ടിൽ‍ സജിയുടെ വസ്തുവിലുമാണ് കൂട് സ്ഥാപിച്ചത്. സജിയുടെ വസ്തുവിലെ കൂട്ടിൽ ആടിനെ കെട്ടിയിട്ടുണ്ട്. ആടിനെ കണ്ട് കൂട്ടിലേക്കെത്തുന്ന ചെന്നായെ പിടികൂടുകയാണ് ലക്ഷ്യം. എസ്റ്റേറ്റിലെ കൂട്ടിൽ ഇറച്ചികോഴി അവശിഷ്ടം ഇട്ടിട്ടുണ്ട്. മയക്കുവെടി വച്ച് പിടിക്കാനും പദ്ധതിയുണ്ട്. തെന്മല ഡിഎഫ്ഒ സുനിൽബാബു, ആർഒ ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

ചെന്നായയുടെ ആക്രമണത്തിൽ പരുക്കേറ്റവർക്ക് ചികിത്സയ്ക്ക് പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ തെന്മല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറെ ഉപരോധിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. എസ്. മണി ഉദ്ഘാടനം ചെയ്തു. മഹേഷ് സുകു അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ബിൻസ്മോൻ, ആരോമൽ, തഫീഖ് കബീർ, എബി, ബിബിൻ എന്നിവർ നേതൃത്വം നൽകി.

തെന്മലയിലെ തെരുവ് നായ്ക്കളെ ചെന്നായ്ക്കൾ തെന്മലയിൽ നിന്നും പായിച്ചു. ഇന്നലെ രാവിലെ മുതൽ റിയ എസ്റ്റേറ്റ് ഡിപ്പോ എന്നിവടങ്ങളിൽ ചെന്നായയുടെ വിളയാട്ടമായിരുന്നു. ഡിപ്പോയിൽ കാലങ്ങളായി കറങ്ങി നടന്നിരുന്ന എല്ലാ നായ്ക്കളേയും ഇവിടെ നിന്നും ഓടിച്ചു. പല നായ്ക്കൾക്കും കടിയേറ്റിട്ടുമുണ്ട്. ചെന്നായയ്ക്ക് പേവിഷബാധയുണ്ടെങ്കിൽ നായ്ക്കൾ‍ക്കും പടരും.  തെന്മലയിൽ അടിയന്തിരമായി ആരോഗ്യ വകുപ്പ് പരിശോധന നടത്തണമെന്ന ആവശ്യവും ഉയരുന്നു.