കോവിഡും കഷണ്ടിയും തമ്മിലെന്ത്?; ഡെക്സാമെതാസോണ്‍ അദ്ഭുതമരുന്നോ?

കഷണ്ടിയും കോവിഡും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ...? സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ചര്‍ച്ചകളുടെ സത്യാവസ്ഥ എന്താണ്? കോവിഡിന് കണ്ടെത്തിയ അദ്ഭുത മരുന്നാണ് ഡെക്സാമെതാസോണ്‍ എന്ന് പറയാനാകുമോ..?  നിപ്പ പ്രതിരോധത്തിലടക്കം ശ്രദ്ധേയ പങ്കുവഹിച്ച ഡോ.എ.എസ്.അനൂപ്കുമാര്‍ പറയുന്നു. വിഡിയോ കാണാം. 

അമേരിക്ക, ബ്രിട്ടന്‍, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് പ്രകാരം കഷണ്ടി ബാധിച്ചവരെ കോവിഡ് ബാധിച്ചാല്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. ഈ കണ്ടെത്തല്‍ ശരിവയ്ക്കുകയാണ് കേരളത്തിലെ ആരോഗ്യ വിദഗ്ധരും. എന്നാല്‍ പ്രാഥമികമായ പഠനം മാത്രമാണ് നിലവില്‍ പുറത്ത് വന്നത്. ഏതൊക്കെ പ്രായക്കാരെ, എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതടക്കമുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. എന്നാല്‍ കോവിഡിനെ തുരത്താനുള്ള അത്ഭുതമരുന്നായി കൊട്ടിഘോഷിച്ച ഡെക്സാമെതാസോണില്‍ വലിയ പ്രതീക്ഷ വേണ്ടെന്നാണ് വിലയിരുത്തല്‍. അമേരിക്കയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഹൈഡ്രോക്സിക്ലോറിന്‍ പൂര്‍ണമായി നിര്‍ത്തലാക്കി. ജീവന്‍ നിലനിര്‍ത്താന്‍ ഒരുതരത്തിലും സഹായകമാകില്ലെന്ന കണ്ടെത്തലിനെതുടര്‍ന്നാണിത്. പ്ലാസ്മ ചികില്‍സയും ശൈശവ നിലയിലാണ്. ഈ സാഹചര്യത്തില്‍ ആശ്രയിക്കാവുന്ന മരുന്നായി മാത്രമേ ഡെക്സാമെതാസോണിനെ കാണാനാകൂ എന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.