'തേങ്ങയുടക്ക് സ്വാമി'; ആപ്പിനായി ട്രോളും കവിതയും ഈശ്വരപ്രാർഥനയും; കാത്തിരിപ്പ്

ആപ്പ് ഇന്നു വരും നാളെ വരുമെന്ന പ്രതീക്ഷയിൽ, കണ്ണിലെണ്ണയൊഴിച്ച് അക്ഷമരായി കാത്തിരിക്കുകയാണ് മദ്യസ്നേഹികൾ. ഇടക്ക് ക്ഷമ കെട്ട് രോക്ഷം തീർക്കുന്നത് 'ആപ്പ്' ഏറ്റെടുത്ത ഫെയർകോഡ് ടെക്നോളജീസ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ ഫെയ്സ്ബുക്ക് പേജിലാണ്. 

''ഇന്ന് വരും, നാളെ വരും എന്ന് പറഞ്ഞിരിക്കാൻ തുടങ്ങിയിട്ടു ഒരാഴ്ചയായി. എന്നു വരും എന്നെങ്കിലും പറഞ്ഞു കൂടെ ?'', ''സാധാരണ ഒരു ആപ്പ് ചെയ്‌താൽ ക്ലയന്റ് മാത്രമേ തെറി വിളിക്കുള്ളവരുന്നു. ഇതു എൻഡ് യൂസർ വരെ കേറി തെറി വിളിക്കേണ്ട അവസ്ഥ ആയല്ലോ ചേട്ടൻമാരെ'', ' ''തേങ്ങയുടക്ക് സ്വാമി...'', എന്നിങ്ങനെയാണ് കമന്‍റുകൾ. ചില കമന്റുകൾക്ക് കമ്പനി മറുപടിയും കൊടുക്കുന്നുണ്ട്. 

''ആപ്പ് മര്യാദക്ക് ഉണ്ടാക്കിയാൽ നിനക്ക് കൊള്ളാം. ഉണ്ടാക്കിയാൽ ഞങ്ങൾ തലയിൽ എടുത്തു വെക്കും ഇല്ലെങ്കിൽ നിലത്തു ഇട്ടു ഉരക്കും'' എന്ന ഭീഷണിക്കുമുണ്ട് മറുപടി. ''ആപ്പ് ഇറക്കുകേം ചെയ്യും നമ്മൾ അടിക്കുകേം ചെയ്യും.. വിശ്വസിക്ക് അച്ചായാ...''  എന്നായിരുന്നു ഭീഷണിക്കുത്തരം. 

''എല്ലാവരും ഇൗ ആപ്പിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് അറിയാം. കാര്യം ഇതൊരു കുഞ്ഞൻ ആപ്പാണെങ്കിലും ആദ്യ ദിനം 15 മിനിറ്റിൽ ഏതാണ്ട് 20 ലക്ഷം ആളുകൾ ആപ്പിൽ ഒരേ സമയം എത്തുമെന്നാണ് ‌വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാലും ഇൗ ആപ്പ് ക്രാഷ് ആകരുത്. അതിനായി പല തവണ പല രീതിയിൽ ടെസ്റ്റിങ് നടത്തണം. ഞങ്ങളുടെ മുഴുവൻ ടീമും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാപ്പകൽ ഇല്ലാതെ ഇതിനു പിന്നാലെയാണ്. നിങ്ങളുടെ ഉപദേശങ്ങളും വിലയിരുത്തലുകളും ഞങ്ങൾക്ക് ആവശ്യമാണ്. പക്ഷേ നെഗറ്റീവ് കമന്റ്സ് ദയവു ചെയ്ത് പറയരുത്. നിങ്ങളുടെ കാത്തിരിപ്പ് ആധികം നീളില്ല. പ്രാർഥനയും പിന്തുണയും വേണം'' എന്നും ഫെയ്സ്ബുക്ക് പോസ്റ്റലൂടെ കമ്പനി അറിയിച്ചുണ്ട്. 

ആപ്പിനു വേണ്ടിയുള്ള കാത്തിരിപ്പുകൾ ഫെയ്സ്ബുക്ക് ഫീഡുകളിൽ കവിതകളായും ട്രോളുകളായും, ഈശ്വരപ്രാർഥനകളായും വരെ നിറയുന്നുമുണ്ട്. അത്തരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലൊന്ന്:

''ആപ്പിനായുള്ള ഈശ്വരപ്രാർത്ഥന

ഗൂഗിളേ കൈതൊഴാം കേൾക്കുമാറാകണം

മദ്യപർ ഞങ്ങളേ കാക്കുമാറാകണം

പ്ലേസ്റ്റോറിൻ ഹാങ്ങുകൾ നീക്കുമാറാകണം

ആപ്പുകൾ വേഗം അപ്പ്രൂവുമാറാകണം

വിലയിലെ വർദ്ധന നീക്കിയില്ലെങ്കിലും

ജവാന്റെ കാര്യത്തിൽ ശ്രദ്ധയുണ്ടാകണം

സ്റ്റോക്കുകൾ ഏറെയുണ്ടാകുമാറാകണം

ഓൾഡ്മങ്ക് എംസിയും ലഭ്യമായീടണം

വാറ്റടിക്കുന്നോരെ കാക്കുമാറാകണം

നേർവഴിക്കവരെ നീ കൊണ്ടുപോയീടണം

ഗൂഗിളേ കൈതൊഴാം കേൾക്കുമാറാകണം

ആപ്പുകൾ വേഗം അപ്പ്രൂവുമാറാകണം''.