എട്ടുമാസം ഗർഭിണി; പാളങ്ങൾ താണ്ടി ചിലു കൊച്ചിയിൽ; ഒടുവിൽ ആശ്വാസം

"ഞാൻ ഒരു പ്രവാസിയായിരുന്നു എങ്കിൽ ഇപ്പോൾ നാട്ടിൽ എത്താമായിരുന്നു. അവരെ പോലെയോ അവരെക്കാൾ ഏറെയോ വിഷമത്തിൽ ആണ് ഇപ്പൊഴാത്തെ എന്റെ അവസ്ഥ. സാധാരണ ഒരാളായിരുന്നു എങ്കിൽ ട്രെയിനിലോ മറ്റൊ നാട്ടിൽ എത്താമായിരുന്നു. അതിനും ഇപ്പോൾ സാധിക്കില്ല"

ഒരാഴ്ച മുൻപ്  മുൻപ് പഞ്ചാബിലെ ലുധിയാനയിൽ നിന്ന് കൊച്ചിക്കാരിയായ ഡോക്ടർ ചിലു എബ്രഹാം മനോരമ ന്യൂസിനോട് പറഞ്ഞ വാക്കുകളാണിത്. 7 ദിവസത്തിനപ്പുറം പാളങ്ങൾ താണ്ടി തന്നെ  ചിലു കൊച്ചിയിലെത്തി. "എട്ട് മാസം പൂർത്തിയായ ഒരു ഗർഭിണിയുടെ രണ്ട്  ദിവസത്തെ ട്രെയിൻ യാത്ര എറണാകുളം ജംഗ്‌ഷനിൽ അവസാനിച്ചു.

പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് ട്രെയിൻ എത്തിയത്.  അസാധാരണ സാഹചര്യമായതിനാൽ തന്നെ ആരോഗ്യപരിശോധനയ്ക്കു ശേഷം മാത്രമാണ് ചിലുവിന് നിറവയറുമായി സ്റ്റേഷന് പുറത്തേക്ക് നടക്കാൻ സാധിച്ചത്. 

ഇരുട്ടിവെളുക്കുവോളം ചിലുവിനെ കാത്തിരുന്ന ഭർത്താവ് തെല്ലാശ്വാസത്തോടെ ആ വരവ് ദൂരെ നിന്ന് തന്നെ കണ്ടു. ചിലുവിനായി കാത്തിരുന്ന ആംബുലൻസിൽ  ഭർത്താവുമൊത്ത് കയറി വീട്ടിലേക്ക് തിരിച്ചു. ഒന്നുറപ്പാണ് കോവിഡ് കാലത്തെ ലോകത്തെ കുറിച്ച് കുഞ്ഞിന് പറഞ്ഞു കൊടുക്കുമ്പോൾ ഒട്ടും നിറം ചേർക്കാതെ തന്നെ സ്വന്തം കഥയും ചിലുവിന് കുഞ്ഞുമായി പങ്കിടാം.