നട്ടുച്ചയ്ക്കു നിഴല്‍ ഇല്ലാതായാലോ ? മലപ്പുറത്ത് അപൂര്‍വപ്രതിഭാസം

ശാസ്ത്ര അധ്യാപകരുടെ സംഘടനയായ ലേണിങ്ങ് ടീച്ചേഴ്സ് കേരളയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ നടന്ന നിഴലില്ലാദിന പരിശോധനയ്ക്കു ടോമി തളിപ്പാടം നേത്യത്വം നൽകുന്നു.

കോട്ടയ്ക്കൽ: ഉച്ചവെയിലിൽനിന്നു രക്ഷതേടി മരങ്ങളുടെയും കെട്ടിടങ്ങളുടെയും നിഴലിന്റെ തണലിൽ ഒന്നു വിശ്രമിക്കാത്തവരായി ആരുണ്ട്? എന്നാൽ

, നിഴൽ ഇല്ലാതെ ആയാലോ? അങ്ങനെ ഇത്തിരിനേരമുണ്ടായി മലപ്പുറം ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കു 12.25 ന് നിമിഷങ്ങളോളംനേരം നിഴൽ പൂർണമായും ഇല്ലാതായി. 

സൂര്യൻ ഉച്ചയ്ക്ക് 12.24ന് മലപ്പുറത്തിന്റെ കൃത്യം തലയ്ക്കു മുകളിൽ എത്തിയതാണ് നിഴലില്ലാതാകാൻ കാരണം. തിരുവനന്തപുരത്ത് കഴിഞ്ഞ 11ന് ആയിരുന്നു ഈ പ്രതിഭാസമുണ്ടായത്. വടക്കൻ കേരളത്തിൽ 23ന് ദൃശ്യമാകും. ഓഗസ്റ്റ് മാസത്തിലും ഇങ്ങനെ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും മഴക്കാലമായതിനാൽ കാണാൻ കഴിയുക പ്രയാസമാണ്. 

ശാസ്ത്ര അധ്യാപകരുടെ സംഘടനയായ ലേണിങ് ടീച്ചേഴ്സ് കേരള ടോമി തളിപ്പാടത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ 3 വ്യത്യസ്ത ഉപകരണങ്ങൾ വഴി ഈ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് വിശദമായി പരിശോധിച്ചു. മലപ്പുറം അമച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റിയും നിഴൽ നിരീക്ഷണം നടത്തിയതായി ജോയിന്റ് കൺവീനർ ഉണ്ണിക്കൃഷ്ണൻ മംഗലശ്ശേരി പറഞ്ഞു.