ഭൂമിയിലെ ‘മാലാഖ ദൈവങ്ങൾ’; ദേവീ രൂപത്തിൽ നഴ്സ്; ആദരമൊരുക്കി ഫോട്ടോഗ്രാഫര്‍

രാജ്യം ഇന്ന് വീട്ടിലിരിക്കുകയാണ്. പ്രധാനമന്ത്രി മുന്നോട്ടുവച്ച ജനതാ കർഫ്യൂ എന്ന ആശയത്തിന് സംസ്ഥാനത്ത് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതേസമയം കൊറോണ വൈറസ് കോവിഡ് 19നെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള നിർദേശങ്ങളും മുന്നറിയിപ്പുകളും സജീവമാണ്. ഇക്കൂട്ടത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. ആരാധനയും വിശ്വാസങ്ങളും മാറ്റിവച്ച ജനം മഹാമാരിക്കെതിരെ പോരാടുമ്പോൾ എല്ലാം മറന്ന് സജീവമായി രംഗത്തിറങ്ങുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരം കൂടിയാണ് ഇൗ ചിത്രം. 

ദൈവങ്ങളുടെ രൂപം കൊത്തിയുണ്ടാക്കുന്ന ശില്പി ഇപ്പോൾ തയാറാക്കുന്നത് ഒരു നഴ്സിന്റെ രൂപമാണ്. ദേവിരൂപത്തിലേക്ക് നഴ്സുമാരെ പ്രതിഷ്ഠിച്ച് കൊണ്ടാണ് ഗോകുൽ ദാസ് ഇൗ ചിത്രമൊരുക്കിയത്. നിപ്പാ കാലത്തും ഇപ്പോഴും സ്വന്തം ജീവൻ പോലും കാര്യമാക്കാതെ ആത്മാർഥസേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരമാണ് ഇൗ ചിത്രമെന്ന് ഗോകുൽ പറയുന്നു.

‘രണ്ടു ദിവസം മുൻപ് എടുത്ത ചിത്രമാണിത്. ദേവീ രൂപത്തിന്റെ കാൽപാദമെല്ലാം തെർമോക്കോളിലൊരുക്കിയത് ശിവജിത്താണ്. തൃശൂർ സ്വദേശിനിയും ഡാൻസറുമായ മാളവികാ മോഹനാണ് മോഡൽ.  നിപ്പാ സമയത്തും ഇപ്പോൾ കൊറോണ കാലത്തും രാവും പകലുമില്ലാതെ, സ്വന്തം ജീവൻ പോലും നോക്കാതെ നമുക്ക് വേണ്ടി നിൽക്കുന്ന നഴ്സുമാരെയും ഡോക്ടർമാർക്കും ദൈവത്തിന് തുല്യമാണ്. അതുകൊണ്ടാണ് ദേവീ രൂപത്തിലേക്ക് നഴ്സുമാർ എത്തുന്നതും. ഭൂമിയിലെ മാലാഖമാരല്ലേ അവർ.’ ഗോകുൽ പറഞ്ഞു.