ഉപ്പു തിന്നുന്നവന് ടിക്ടോക് ചെയ്യാം; പുതിയ ചലഞ്ച്; പിന്നാലെ അപകടങ്ങളും

ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും എന്നത് ചൊല്ല്.  ഇപ്പോൾ ഉപ്പ് തിന്നുന്നവന് ടിക്ടോക് വിഡിയോ ചെയ്യാം. മറ്റുള്ളവരെ ചലഞ്ച് ചെയ്യുകയും ചെയ്യാം. 10 ഇയർ ചലഞ്ച്, ബോട്ടിൽ ക്യാപ് ചലഞ്ച്, കീകീ ചലഞ്ച് തുടങ്ങിയവക്കു പിന്നാലെ സമൂഹമാധ്യമങ്ങളിലെ പുതിയ തരംഗമാണ് 'സാൾട്ട് ചലഞ്ച്'. 

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഉപ്പ് ധാരാളമെടുത്തി വിഴുങ്ങുന്നതാണ് സാൾട്ട് ചലഞ്ച്. ചലഞ്ച് ജയിക്കണമെങ്കിൽ ഉപ്പ് വിഴുങ്ങണോ എന്നത് വ്യക്തമല്ല. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഡിയോകളിൽ പലതിലും ഉപ്പ് വായിൽ ഇട്ട് അൽപസമയം പിടിച്ച ശേഷം പുറത്തേക്ക് തുപ്പുന്നതായാണ് കാണുന്നത്. ഉപ്പുചലഞ്ചിനെ പരിഹസിച്ചുകൊണ്ടുള്ള വിഡിയോകളും പ്രത്യക്ഷപ്പെടുന്നുണ്ട്. 

മുന്‍പ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട 'കറുവാപ്പട്ട' ചലഞ്ചിന് സമാനമാണ് ഈ ഉപ്പ് ചലഞ്ചും. ഒരു സ്പൂൺ കറുവാപ്പട്ട വെള്ളം പോലും കുടിക്കാതെ ചവച്ച് അകത്താക്കുന്നതായിരുന്നു ചലഞ്ച്. 

എന്നാൽ അമിതാവേശത്തിൽ ചെയ്യുന്ന ഈ ഉപ്പുചലഞ്ച് അപകടമാണെന്നു പറയുന്നു ഡോക്ടർമാർ. ഇത് ഛർദി, ജ്വരം പോലുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധാഭിപ്രായം.