ഭാര്യയുടെ കണ്ണു നിറഞ്ഞു, കാഴ്ചക്കാരുടെയും; ഇത് ഞങ്ങളെന്ന് അനുഭവസ്ഥർ; വിഡിയോ

jananya-album
SHARE

സമൂഹമാധ്യമങ്ങളിലൂടെയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും ചെറുവിഡിയോകളും ആല്‍ബങ്ങളും ഹ്രസ്വചിത്രങ്ങളുമൊക്കെ നിമിഷനേരങ്ങൾ കൊണ്ട് ഹിറ്റാകുന്ന കാലമാണ്. ആ ധാരാളിത്തകാലത്താണ് 'ജനന്യ' എന്ന ലളിതസുന്ദര മ്യൂസിക്കൽ ആല്‍ബവുമായി ആനന്ദ് അനില്‍കുമാറും സുഹൃത്തുക്കളുമെത്തിത്.  പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതും പൊതുഇടങ്ങളിൽ ചർച്ച ചെയ്യാൻ മടിക്കുന്നതുമായ 'പ്രസവാനന്തരവിഷാദം' (Postpartum Depression) എന്ന മാനസികാവസ്ഥയെ കൈയൊതുക്കത്തോടെ കൈകാര്യം ചെയ്തതിനുള്ള കയ്യടികളാണ് കമന്റ് ബോക്സിൽ നിറയുന്നതിലേറെയും, ഒപ്പം സമാനമായ അവസ്ഥയിലൂടെ കടന്നുപോയവര്‍ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്, ഇത് ഞങ്ങളുടെ ജീവിതമാണെന്നും, ഞങ്ങൾ കണ്ട ജീവിതങ്ങളാണെന്നുമൊക്കെ പലരും പറയുന്നുമുണ്ട്.  

‌''ഇത്തരത്തിലൊരു ആശയം ആദ്യം മുന്നോട്ടുവെച്ചത് എന്റെ ഭാര്യയാണ്. അവളുടെ സുഹൃത്തുക്കളിൽ ചിലര്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിരുന്നു. അത്തരം ആളുകളോടും ഡോക്ടർമാരോടുമൊക്കെ സംസാരിച്ചതിനും ശേഷമാണ് 'ജനന്യ' രൂപപ്പെടുന്നത്. ‌കൊച്ചിയിലെ സൈമാർ ആശുപത്രിയാണ് ആൽബം നിർമിച്ചത്.  ഈ ആശയം ഇഷ്ടപ്പെട്ടതുകൊണ്ട് അവർ നിർമാണം ഏറ്റെടുത്തുകൊണ്ട് മുന്നോട്ടു വരികയായിരുന്നു. 

ഭാര്യയാണ് എന്റെ ഏറ്റവും വലിയ വിമർശക. അവളെ ആദ്യം മ്യൂസിക് കേൾപ്പിക്കാതെയാണ് വിഡിയോ കാണിച്ചത്. ആല്‍ബം കണ്ടതിനു ശേഷം ഭാര്യയുടെ കണ്ണു നിറഞ്ഞു. അപ്പോള്‍ തന്നെ എനിക്ക് സന്തോഷമായി'', ജനന്യയുടെ സിവിധായകൻ ആനന്ദ് അനില്‍കുമാർ പറയുന്നു.

''ഏറ്റവും വലിയ സന്തോഷം, അപരിചിതരായ പല സ്ത്രീകളും ആല്‍ബം കണ്ട് എന്നെ നേരിട്ടു വിളിക്കുന്നതു തന്നെയാണ്. സുഹൃത്തുക്കൾ വിളിച്ച് അഭിനന്ദിക്കുന്നതു പോലെയല്ല, നമ്മളെ അറിയാത്ത പലരും നമ്പറൊക്കെ തേടി കണ്ടുപിടിച്ച് വിളിച്ച് അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യുന്നുണ്ട്'', ആനന്ദ് കൂട്ടിച്ചേർത്തു. 

jananya-team

നിരവധി ആളുകളാണ് പ്രസവാനന്തര വിഷാദമെന്ന മാനസികാവസ്ഥ പ്രമേയമാക്കിയതിന് അണിയറപ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വരുന്നത്. മലയാളികളല്ലാത്തവര്‍ പോലും വിഡിയോ കണ്ട് കമന്‍റ് ബോക്സിൽ അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്. ആശയവും രചനവും സംവിധാനവും ആലാപനവും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം മികച്ചതാണെന്നാണ് വിലയിരുത്തൽ. പ്രസവാനന്തര വിഷാദത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്നുപോയവരോ അവർക്ക് കൂട്ടായി നിന്നവരോ ആണ് നന്ദി പറയാനെത്തുന്നവരിൽ ഏറെയും. 

മൃദുല മാധവ്, ജെയിൻ കെ.പോൾ, നീരജ രാജേന്ദ്രൻ, രാജേന്ദ്രൻ.എൻ.വി, ഇവ ഹെയ്സൽ ജോജോ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗൗരി ശ്രീകുമാർ, ഗിരീശൻ എ.സി എന്നിവർ ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. മലയാളികളുടെ പ്രിയ ഗാനരചയിതാവ് ഗിരീഷ് പുത്ത​ഞ്ചേരിയുടെ മകൻ ദിന്‍നാഥ് പുത്ത​ഞ്ചേരിയുടേതാണ് വരികൾ.  പ്രസവശേഷമുണ്ടായ വിഷാദത്തെ ഒപ്പമുള്ളവരുടെ ചേര്‍ത്തുനിര്‍ത്തൽ കൊണ്ട് തോൽപിച്ച സ്ത്രീയുടെ അതിജീവനമാണ് ആൽബത്തിന്റെ പ്രമേയം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...