കൊല്ലത്ത് അപൂർവ്വ ‘സിസേറിയന്‍’; അപകടനില തരണം ചെയ്ത് കോഴി; കൗതുകം

മുട്ടകൾ ഉള്ളിൽ കുടുങ്ങിയതിനെ തുടർന്ന് കൊല്ലത്ത് കോഴിക്ക് ‘സിസേറിയൻ’. സാധാരണ ഗതിയിൽ മുട്ട പുറത്ത് വരാതിരിക്കുന്നത് അപൂർവമല്ല. എന്നാൽ രണ്ട് മുട്ടകൾ അകത്ത് കുടുങ്ങിക്കിടക്കുന്ന‘ എഗ്ഗ്ബൗണ്ട് സിൻഡ്രോം’ എന്ന അവസ്ഥ അപൂർവമാണ്. രണ്ട് ദിവസമായി കോഴി മുട്ടയിടാനായി ചെന്നിരിക്കുകയും അതിന് പറ്റാതെ വരികയും ചെയ്തതോടെയാണ് ഉടമ കോഴിയെ കൊല്ലം ജില്ലാ മൃഗാശുപത്രിയിൽ കൊണ്ടുവന്നത്.

തുടർന്ന് നടത്തിയ എക്സറേ പരിശോധനയിൽ രണ്ട് മുട്ടകൾ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് അനസ്തീസിയ നൽകി സ്വാഭാവികമായ രീതിയിൽ ഒരു മുട്ട പുറത്തെടുത്തു. രണ്ടാമത്തെ മുട്ട ശസ്ത്രക്രിയ വഴിയും. മുട്ട പുറത്ത് വരാതെ ഉള്ളിൽ വെച്ച് തന്നെ പൊട്ടിയാൽ അത് കോഴിയുടെ ജീവൻ നഷ്മാകുന്ന അവസ്ഥയിലെത്തും. ആ അപകടാവസ്ഥ തരണം ചെയ്യാനായാണ് ‘സിസേറിയൻ ’ചെയ്തതെന്ന് വിദഗ്ദര്‍ പറയുന്നു.

മനുഷ്യരെ പോലെ തന്നെ ‘സിസേറിയന്’ ശേഷം പ്രത്യേക പരിചരണം കോഴിക്കും ആവശ്യമാണ്. മൂന്ന് നാല് ദിവസം കോഴിയെ ഇരുട്ടുമുറിയിലിട്ട് വെള്ളം മാത്രം ഭക്ഷണമായി നല്‍കും. മുറിവുണങ്ങുന്നതു വരെ ഇനി മുട്ടയിടാതിരിക്കാനാണ് ഇത്. 

കാല്‍സ്യത്തിന്റെ കുറവു മൂലവും മുട്ടയുടെ പൊസിഷനിൽ വരുന്ന മാറ്റങ്ങളും ഈ അപൂർവാവസ്ഥയ്ക്ക് കാരണമാകാറുണ്ടെന്ന് കൊല്ലം ജില്ലാ മൃഗാശുപത്രിയിലെ ഡോക്ടർ ബി .അജിത് ബാബു മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

ഏതായാലും നാട്ടില്‍ ഇത് കൗതുക വാർത്തയായതൊന്നുമറിയാതെ പാവം കോഴി ആ ഇരുട്ടു മുറിയിൽ മുറിവുണങ്ങുന്നതും കാത്തിരിക്കുകയാണ്.