സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയ; യുവതിക്ക് ദാരുണമരണം

വിവാഹത്തിന് മുമ്പ് കോസ്മറ്റിക് സർജറിക്ക് വിധേയയായ യുവതിക്ക് ദാരുണ മരണം. യുകെയില്‍ സൈക്കോളജിസ്റ്റായിരുന്ന മെലിസയാണ് മരണപ്പെട്ടത്. പങ്കാളിയായ സ്‌കൈ ബെര്‍ച്ചുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് നിതംബത്തിന്റെ വലിപ്പവും അഴകും കൂട്ടാനുള്ള 'ബട്ട് ലിഫ്റ്റ് സര്‍ജറി' നടത്താന്‍ മെലിസ തീരുമാനിക്കുന്നത്.

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി ചെയ്യുന്ന ശസ്ത്രക്രിയകളില്‍ ഏറ്റവും അപകടകാരിയായാണ് ഇതിനെ കണക്കാക്കുന്നത്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് കൊഴുപ്പ് ശേഖരിച്ച്, അത് നിതംബത്തില്‍ കുത്തിവച്ചാണ് ശസ്ത്രക്രിയ നടത്തുക. പല കേസുകളിലും ശസ്ത്രക്രിയയ്ക്ക് ശേഷം നിതംബത്തില്‍ മുറിവുകള്‍ പ്രത്യക്ഷപ്പെടുകയും അത് പഴുത്ത് ഗുരുതരമായ അവസ്ഥയിലേക്കെത്തുകയും ചെയ്യാറുണ്ട്. വളരെ സൂക്ഷ്മതയോടും വൃത്തിയോടും കൂടി പ്രഗത്ഭരായ ആളുകള്‍ ചെയ്യേണ്ട ഒന്ന്, ചിലവ് കുറച്ച് അതിനനുസരിച്ച് നിലവാരവും കുറച്ച് ചെയ്യുമ്പോഴാണ് ഇത്രമാത്രം അപകടകരമായ സാഹചര്യങ്ങളുണ്ടാകുന്നത്.

എന്നാല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ പോലുമായില്ല, അതിന് മുമ്പേ മെലീസയ്ക്ക് ജീവന്‍ നഷ്ടമായി. ശസ്ത്രക്രിയ നടക്കുന്നതിനിടെ ശ്വാസകോശത്തിലെ പള്‍മണറി ധമനികളിലൊന്നില്‍ ബ്ലോക്ക് സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.