പ്രണയദിനം ലവ് ഡേ അല്ലേ ആകേണ്ടത്? അതിന്റെ പിന്നിലെ കഥ

ഇന്ന് പ്രണയദിനം. ഇരുവഴിയില്‍ നിന്ന് വന്ന് ഒന്നായൊഴുകുന്ന എല്ലാവര്‍ക്കുമുള്ള വാലന്റൈന്‍സ് ഡേ. എന്തുകൊണ്ടാണ് പ്രണയദിനം വാലന്റൈന്‍ന്റെ ദിനമാകുന്നത്. ശരിക്കും പ്രണയദിനം ലവ് ഡേ അല്ലേ ആകേണ്ടത്? അതിന്റെ പിന്നിലെ കഥ കേട്ടുവരാം. 

പ്രൊപ്പോസ് ഡേയ്ക്കും ഹഗ് ഡേയ്ക്കും കിസ് ഡേയ്ക്കും ശേഷം വീണ്ടുമൊരു വാലന്റൈന്‍‍സ് ഡേ..  പ്രണയിക്കുന്നവര്‍ക്കായി ജീവന്‍ വെടിഞ്ഞ വാലന്റൈന്‍ എന്ന പുരോഹിതന്റെ ഓര്‍മ്മയ്ക്കായ് ലോകമെമ്പാടും ഇന്ന് പ്രണയദിനം ആഘോഷിക്കുന്നു.

സൈന്യത്തിലുള്ള ചെറുപ്പക്കാര്‍ വിവാഹം കഴിക്കരുതെന്ന റോമന്‍ ചക്രവര്‍ത്തി ക്ലോഡിയസിന്റെ ക്രൂരനിയമത്തെ മറികടന്ന് പരസ്പരം സ്നേഹിക്കുന്ന ഹൃദയങ്ങളെ വാലന്റൈന്‍ ഒരുമിപ്പിച്ചു. ഇതറി‍‍ഞ്ഞ ചക്രവര്‍ത്തി വാലന്റൈനെ ജയിലിലടച്ചു. അന്ധയായ ജയിലറുടെ മകളുമായി വാലന്റൈന്‍ പ്രണയത്തിലായി. 

അവരുടെ പരിശുദ്ധ പ്രണത്തിന്റെ ശക്തിയില്‍ അവള്‍ക്ക് കാഴ്ച ലഭിച്ചു. എന്നിട്ടും വാലന്റൈന്റെ തലവെട്ടാനായിരുന്നു ചക്രവര്‍ത്തിയുടെ ശാസന. അന്ന് മരിക്കും മുന്‍പ് വാലന്റൈന്‍ തന്റെ പ്രിയ സഖിക്കുള്ള കത്തില്‍ ഇത്രമാത്രമെഴുതി–– ഫ്രം യുവര്‍ വാലന്റൈന്‍...

വാലന്റൈന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ലൈലയും മജ്നുവും റോമിയോയും ജൂലിയറ്റും ജാക്കും റോസും പോലെ ഓരോ കാലഘട്ടങ്ങളിന്റെ പ്രണത്തിന്റെ പ്രതീകമായി ഓരോരുത്തര്‍ കടന്നുവന്നു. പ്രണയം മാത്രം അനശ്വരമായി നിലകൊണ്ടു.