ആ കോര്‍ണറിന്റെ ഉടമ ഇതാ ഇവിടെ; ഡാനിയുടെ കാലില്‍ അൽഭുത ഗോൾ പിറന്ന കഥ

ഒരു കോർണർ കിക്ക് വിഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫുട്ബോൾ വൈറൽ വിഡിയോകളുടെ നിരയിലേക്ക് എത്തിയ ഈ വിഡിയോയിലെ കളിക്കാരനാകട്ടെ ഒരു അഞ്ചാം ക്ലാസുകാരനാണ്. ആ കോർണർ കിക്ക് പിറന്ന കുഞ്ഞിക്കാലുകൾ കോഴിക്കോട് നിന്നുമുള്ള ഡാനിഷ് എന്ന അഞ്ചാം ക്ലാസുകാരന്റേതാണ്. വയനാട് മീനങ്ങാടിയിൽ നടന്ന ടൂർണമെന്റാണ് അൽഭുത ഗോളിന് വേദിയായത്. മലയാള മനോരമയുടെ കോഴിക്കോട് യൂനിറ്റ് ഫോട്ടോഗ്രാഫർ ഹാഷിമിന്റെയും സ്റ്റുഡന്റ് കൗൺസിലറായ നോവിയയുടെയും മകനാണ് 10 വയസ്സുകാരൻ ഡാനിഷ്. ആ അൽഭുതഗോൾ പിറന്ന വഴി എങ്ങനെയെന്ന് മനോരമ ന്യൂസ് ഡോട് കോമിനോട് പങ്കു വയ്ക്കുകയാണ് ഡാനിഷിന്റെ അച്ഛൻ ഹാഷിം.

2015 മുതൽ കാൽപ്പന്ത് കളി പരിശീലിക്കുകയാണ് ഡാനി എന്ന് വിളിക്കുന്ന ഡാനിഷ്. കോഴിക്കോട് കെഎഫ്ടിസി എന്ന പരിശീലന കേന്ദ്രത്തിന് വേണ്ടിയാണ് മീനങ്ങാടിയിൽ ടൂർണമെന്റിൽ പങ്കെടുത്തത്. ഇതുവരെ കളിച്ച കളികളിലെല്ലാം മികച്ച പ്രകടനം തന്നെയാണ് ഡാനി കാഴ്ചവച്ചിരിക്കുന്നത്. എല്ലാത്തിലും ബെസ്റ്റ് പ്ലെയര്‍ ഡാനി തന്നെയാകും. പക്ഷേ മീനങ്ങാടിയിലെ ആ ഗോൾ ആരും പ്രതീക്ഷിക്കാത്തത് തന്നെ. വിഡിയോ കണ്ടപ്പോഴാണ് അതൊരു ഫസ്റ്റ് പോസ്റ്റ് കോർണർ കിക്കാണെന്ന് മനസ്സിലായത്. വിഡിയോ വൈറലായതയോടെ നിരവധി പേരാണ് പ്രശംസയുമായി രംഗത്തെത്തുന്നത്. 

ഇതിനെല്ലാം നന്ദി പറയുന്നത് പരിശീലകർക്കാണ്. ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന സിനിമയിൽ ഡാനി അഭിനയിച്ചിരുന്നു. ഫുട്ബോൾ കഥാപശ്ചാത്തലമായി വരുന്ന സിനിമയ്ക്ക് വേണ്ടി അവൻ കോർണർ കിക്കെടുക്കാൻ പരിശീലിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി പരിശീലിപ്പിച്ചത് നിയാസ്, പ്രസാദ് വി ഹരിദാസ് എന്നിവരാണ്. ബാസിതാണ് കോച്ചിങ് സെന്ററിലെ പരിശീലകൻ. 

വിഡിയോ വൈറലായതിന്റെ സന്തോഷത്തിലാണ് ഡാനിഷ്. ഡാനിയെ പ്രശംസിച്ച് ഫുട്ബോൾ ലോകത്തെ കറുത്ത മുത്ത് ഐ എം വിജയനും രംഗത്തെത്തിയിരുന്നു. വിഡിയോ സന്ദേശത്തിലൂടെ ഐ എം വിജയൻ പറയുന്നത് ഡാനിയുടേത് അസാധ്യ പ്രകടനം ആണെന്ന് തന്നെയാണ്. മെസിയാണ് ഡാനിയുടെ ആരാധനാപുരുഷൻ. മെസിയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും മകന് അറിയാമെന്ന് ഹാഷിം പറയുന്നു. കോഴിക്കോട് പ്രസന്റേഷൻ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഡാനിഷ്. സഹോദരി അയിഷ പ്ലസ് വൺ വിദ്യാർഥിനിയാണ്.