400 ദിവസം, 43 രാജ്യങ്ങൾ..; അവയവദാന സന്ദേശവുമായി ഇന്ത്യൻ ദമ്പതിമാർ

400 ദിവസങ്ങളായി അനിൽ ശ്രീവത്സയും ഭാര്യയും ലോകസഞ്ചാരത്തിലാണ്. വെറുതേ ഒരു കറക്കമല്ല, മഹത്തായ ഒരു ലക്ഷ്യം ഇരുവരുടെയും യാത്രയ്ക്ക് പിന്നിലുണ്ട്. 2014 ൽ സഹോദരന് കിഡ്നി നൽകിയതോടെയാണ് ലോകം മുഴുവൻ അവയവദാനത്തിന്റെ സന്ദേശമെത്തിക്കണമെന്ന് അനിൽ തീരുമാനിച്ചത്. സുഖം പ്രാപിച്ചതും പിന്നെ പുതിയ ദൗത്യത്തിലേക്ക് അമേരിക്കയിൽ സംരംഭകനായ അദ്ദേഹം ഇറങ്ങിത്തിരിച്ചു.

43 രാജ്യങ്ങളിൽ ഇരുവരും അവയവദാനത്തിന്റെ പ്രാധാന്യമറിയിച്ച് എത്തി. സ്നേഹമാണ് അവയവദാനത്തെ മഹത്തരമാക്കുന്നത്. അത് സഹോദരന് നൽകുമ്പോഴും അപരിചിതന് നൽകുമ്പോഴും സ്നേഹമാണ് നിറയുകയെന്നും അനില്‍ ശ്രീവത്സ കൂട്ടിച്ചേർത്തു.

സ്വന്തം കാറിലാണ് ഇരുവരുടേയും യാത്ര. സഞ്ചരിച്ചെത്തുന്ന നാട്ടിൽ ആരെങ്കിലും ഇരുവരെയും ക്ഷണിച്ചാൽ അവിടെ നിന്ന് ഭക്ഷണം കഴിക്കും. അല്ലെങ്കിൽ കാറിൽ വച്ച് ഭക്ഷണം പാകം ചെയ്ത ശേഷം കഴിക്കും. വിവിധ രാജ്യങ്ങളിലെ സ്കൂൾ, കോളെജ്, റോട്ടറി ക്ലബുകൾ , കമ്യൂണിറ്റി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കിഡ്നി ദാനം നൽകുന്നതിനെ കുറിച്ച് അനില്‍ ക്ലാസുകളെടുത്തു കഴിഞ്ഞു.