ഏഴുതവണ പ്ലസ് ടു എഴുതി; ഒറ്റമുറിവീട്ടിലെ വിഷ്ണു; ഇപ്പോൾ ഹോട്ട് സീറ്റിൽ; പോരാട്ടകഥ

'തോൽക്കാൻ ധൈര്യമുള്ളവർ മാത്രമേ ജയിച്ചിട്ടുള്ളു' എന്ന വലിയ ആത്മവിശ്വാസത്തിലാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി വിഷ്ണു കോടീശ്വരനിലേക്കെത്തിയത്. ഇനിയും ചോദ്യങ്ങൾ ബാക്കി നിൽക്കെ, അറിവും ആത്മവിശ്വാസവും ഈ ചെറുപ്പക്കാരന് ഇതുവരെ നേടിക്കൊടുത്തത് മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപയും.

അറിവിന്റെ നേട്ടത്തിൽ ഉയർന്ന് നിൽക്കുമ്പോഴും തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് കണ്ണ് നിറയാതെ വിഷ്ണുവിന‌് പറയാനാവില്ല. ഏഴ് തവണ പ്ലസ് ടു പരീക്ഷ എഴുതിയാണ് വിഷ്ണു ഹയർ സെക്കന്ററി പഠനം പൂർത്തിയാക്കിയത്. പ്ലസ്ടുവിന് ശേഷം നാട്ടിലെ ചെറിയ കൂലിപ്പണികളികളൊക്കെയെടുത്ത് അച്ഛനെ സഹായിക്കാനും കഴിഞ്ഞു. മെക്കാനിക്കൽ ഫിറ്ററാണ് ഇപ്പോൾ. കൂലിപ്പണിക്കാരനായ അച്ഛനും ചേച്ചിയുമടങ്ങുന്ന കുടുംബമാണ് വിഷ്ണുവിന്‍റേത്. നിലവിലെ ഒറ്റമുറി വീട്ടിൽ നിന്ന് മാറി സ്വന്തമായി ഒരു വീട് നിർമ്മിക്കുക എന്നതും വിഷ്ണുവിന്റെ ഏറ്റവും വലിയ സ്വപ്നമാണ്.

ജോലികൾക്കൊപ്പം പിഎസ് സി പരിശീലനവും നേടുന്നുണ്ട് ഈ യുവാവ്. ഒരു സർക്കാർ ഉദ്യോഗസ്ഥനാവണമെന്നതും വിഷ്ണുവിന്‍റെ ഏറെ നാളത്തെ ആഗ്രഹമാണ്. തന്റെ ജില്ലയിൽ തന്നെ പൊലീസ് ഉദ്യോഗസ്ഥനായി എത്തണമെന്നാണ് മോഹം. ഇതിനായുള്ള പരിശ്രമത്തിലാണ് വിഷ്ണുവിപ്പോൾ. 

അറിവ് ആയുധമാക്കി വിഷ്ണുവിന്‍റെ പ്രയാണത്തിൽ ചോദ്യങ്ങളും ലൈഫ് ലൈനുകളും ഇനിയും ബാക്കിയാണ്. പ്ലസ്ടു എന്ന കടമ്പ ഏഴ് തവണ എഴുതി പാസായ വിഷ്ണുവിന്‍റെ ഈ മുന്നേറ്റത്തിന് പിന്നിൽ കഠിനാധ്വാനം മാത്രമാണ്.