കളിച്ചു നേടിയ പണം മൂന്നായി പകുത്തു; വേദനിക്കുന്നവർക്ക് താങ്ങായി; വേറിട്ട മാതൃക; വിഡിയോ

മഴവിൽ മനോരമയിൽ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് നിങ്ങൾക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടി. സുരേഷ് ഗോപി അവതാരകനാകുന്ന, അറിവിലൂടെ നേട്ടങ്ങൾ കൊയ്യുന്ന പോരാട്ടവേദിയിൽ എത്തുന്ന ഓരോരുത്തർക്കും ഓരോ കഥ പറയാനുണ്ടാകും. നേടുന്ന പണം എങ്ങനെ വിനിയോഗിക്കണമെന്ന ലക്ഷ്യം കാണും. ഇവിടെ വ്യത്യസ്തനാകുകയാണ് ഒരു ചെറുപ്പക്കാരൻ. തിരുവനന്തപുരത്തുകാരൻ അരുൺ ഡി. എസ് ആണ് കളിച്ച് നേടിയ പണം കാരുണ്യ പ്രവർത്തനത്തിനായി മാറ്റി വയ്ക്കുന്നത്. 

ചോദ്യങ്ങൾക്കെല്ലാം ചുറുചുറുക്കോടെ ഉത്തരം പറയുന്ന അരുണിന് കളിക്കൊടുവിൽ ലഭിക്കുന്നത് 3,20,000 രൂപയാണ്. മാവേലിക്കര അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസറാണ് അരുൺ. തനിക്ക് ലഭിച്ച മുഴുവൻ തുകയും മൂന്ന് നിർധന രോഗികൾക്ക് അപ്പോൾ തന്നെ നൽകുകയാണ് ഇദ്ദേഹം. ഈ കാരുണ്യ പ്രവർത്തി ചെയ്യാന്‍ തനിക്ക് പ്രചോദനമായത് സുരേഷ് ഗോപി ആണെന്നും അരുൺ പറയുന്നു. ഒരു സാമൂഹിക പ്രശ്നം ഉണ്ടായപ്പോൾ അദ്ദേഹം തന്റെ നാട്ടിൽ വന്നിരുന്നു. ഒരു കുട്ടിക്ക് വീടുവച്ച് മതിലും പണിഞ്ഞ് കൊടുത്തു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തനിക്ക് പ്രചോദനമായിട്ടുണ്ടെന്നുമാണ് അനുൺ വ്യക്തമാക്കുന്നത്. 

സ്റ്റെറോയിഡ് റെസിസ്റ്റന്റ് നെഫ്രോട്ടിക് സിൻഡ്രോം ബാധിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിയായ കുട്ടി, ക്യാൻസർ ബാധിതനായ വെഞ്ഞാറമ്മൂട് സ്വദേശി, പാൻക്രിയാസ് തകരാറിലായ കൊല്ലം സ്വദേശിയായ പെൺകുട്ടി എന്നിവർക്കാണ് അരുൺ സഹായം നൽകാൻ ഉദ്ദേശിച്ചിരിക്കുന്നത്. അരുണിന്റെ സുമനസ്സിനെ അഗ്നിരക്ഷാ ഡയറക്ടർ ജനറൽ ഹേമചന്ദ്രൻ ഐ പി എസ് പ്രശംസിച്ചു.