'ഒന്നരവയസ്സുണ്ടായിരുന്ന അവൾക്ക് ഇന്ന് മൂന്ന് വയസ്സ്'; പ്രവാസിയുടെ ഓർ‌മക്കൂട്ട്; വിഡിയോ

കാത്തിരിപ്പിനൊടുവിലുള്ള കൂടിച്ചേരലുകളാണ് പലപ്പോഴലും ജീവിതം നമുക്ക് നൽകുന്ന സുന്ദരമായ നിമിഷങ്ങൾ. കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ശേഷം പ്രിയപ്പെട്ടവർക്കരിലേക്ക് സർപ്രൈസുമായെത്തുന്ന പ്രവാസികളെ നാം ഏറെ കണ്ടിട്ടുണ്ട്. ഇവിടെയിതാ കേട്ടതിലും കണ്ടതിൽ നിന്നുമെല്ലാം ഏറെ ഹൃദ്യമായൊരു സർപ്രൈസിന്റെ കഥ പറയുകയാണ് അനുകുമാർ താഴത്തേക്കുടിയിൽ എന്ന പ്രവാസി. വീട്ടിലാരെയും അറിയിക്കാതെ നാട്ടിലെത്തി ഭാര്യയെയും മക്കളെയും കുടുംബക്കാരെയും കണ്ട കഥയാണ് വിവരിക്കുന്നത്

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

ഒരുപാടൊരുപാട് ഓർമ്മക്കൂട്ടുകളുമായാണ് ഇത്തവണ നാട്ടിൽ നിന്ന് തിരിച്ച് പോന്നത്.... 

അതു കൊണ്ട്, തിരിച്ച് വന്ന് ഒരു മാസമായിട്ടും ബോറടിച്ച് തുടങ്ങിയിട്ടില്ല.

അൽപം നീണ്ടകഥയാണ്. 

ആദ്യം മുതൽ ചുരുക്കിപ്പറയാം.

പരസ്പരം ചെറിയ ചെറിയ സർപ്രൈസുകൾ നൽകാൻ ഞാനും അച്ചുവും എന്നും ശ്രമിച്ചിരുന്നു. അതു കൊണ്ടു തന്നെ ഞാൻ വരുമ്പോൾ എന്തെങ്കിലും ഒന്ന് അവൾ പ്രതീക്ഷിക്കും, അതുറപ്പ്.

ആരോടും പറയാതെ ചെല്ലണമെന്ന് വിചാരിച്ചെങ്കിലും നന്നായി പ്ലാൻ ചെയ്തില്ലെങ്കിൽ സംഗതി പൊളിയുമെന്ന് എനിക്ക് തീർച്ചയായിരുന്നു. 

നാലു മാസം മുൻപേ ഞാൻ പറഞ്ഞു ഒക്ടോബറിൽ ലീവ് കിട്ടിയെന്ന് . പക്ഷേ ഡേറ്റ് തെറ്റിച്ചാണ് പറഞ്ഞത്. അന്നു മുതൽ എന്നു വിളിക്കുമ്പോഴും അവൾ ചോദിക്കും ഇനി പറ്റിക്കാനായി ഇന്നെങ്ങാനും വരുവാന്നോ എന്ന്. 

എനിക്കാണെങ്കിൽ ആകെ വട്ടായി. എന്നും മുടങ്ങാതെ ഈ ചോദ്യം ചോദിക്കുന്ന ആൾക്ക് ഞാനെന്ത് സർപ്രൈസ് നൽകാനാണ്.!!

എങ്കിലും ഞാൻ മാറ്റിപ്പറഞ്ഞില്ല. ഒക്ടോബർ 27 വിവാഹ വാർഷികത്തിന് തന്നെ വരുമെന്ന് ഉറപ്പിച്ച് പറഞ്ഞു.

പന്ത്രണ്ടു വർഷത്തോളമായി ജോലിയുമായി വീട്ടിൽ നിന്ന് അകന്നു നിൽക്കയാണെങ്കിലും മൂന്നു മാസത്തിലധികം മാറി നിന്നിട്ടില്ല. (അച്ചു വന്നിട്ട് ആറു വർഷമേ ആയുള്ളൂ കെട്ടോ ) അതു കൊണ്ടു തന്നെ ഞങ്ങളെ സംബന്ധിച്ച് ഒന്നര വർഷം എന്നത് വളരെ വലിയ കാലയളവായിരുന്നു.

എന്തു കാര്യത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന അനിയത്തിക്കുട്ടിയോടു പോലും സത്യം പറഞ്ഞില്ല. കാരണം, അറിയാതെ അവളുടെ നാവു പിഴച്ചാൽ പോലും രസംകൊല്ലിയാവും എന്ന് ബോധ്യമുണ്ടായിരുന്നു. പിന്നെ അവളുടെ കാര്യാവുമ്പോ ആരോടും പറയരുതെന്ന് എല്ലാരോടും പറഞ്ഞ് എനിക്ക് സർപ്രൈസ് തരാനും മതി.

പിന്നെ ദൃശ്യത്തിലെ ലാലേട്ടനെ മനസിൽ വിചാരിച്ച് 27 എന്ന തീയതി കഴിയാവുന്നിടത്തെല്ലാം ഓർമിപ്പിച്ച് അവരെ എല്ലാവരെയും അവിടെ തന്നെ തളച്ചു.

എയർപോർട്ടിൽ എല്ലാരും കൂടി വരാം എന്ന് പ്ലാൻ ചെയ്തത് അനിയത്തി ആണെങ്കിലും പിന്നീട് അച്ഛനും അനിയത്തിയും കൂടി അതിന്റെ പേരിൽ നടത്തിയ സൗന്ദര്യ പിണക്കം പരിഹരിച്ചതും ഞാൻ തന്നെയാണ്. അങ്ങിനെ രണ്ടു വണ്ടിക്ക് വരാനും ധാരണയായി. ഒന്നിൽ അനിയത്തിയും കുടുംബവും മറ്റൊന്നിൽ അച്ഛനും അച്ചുവും കുട്ടികളും. (ഛർദ്ദിൽ വില്ലനായത് കൊണ്ട് യാത്രകളിൽ അമ്മ ഉണ്ടാവാറില്ല )

ഇതെല്ലാം ചെയ്യുമ്പോഴും മാടമ്പള്ളിയിലെ മനോരോഗി ചിരിക്കുകയായിരുന്നു.

നാട്ടിൽ വരുമ്പോൾ എനിക്ക് നാടൻ കോഴി വറുത്തരച്ച് കറി വച്ചു വയ്ക്കണം ഞായർ ആയത് കൊണ്ട് നേരത്തെ വാങ്ങി വയ്ക്കണം എന്നൊക്കെ തട്ടി വിട്ട് ഞായറാഴ്ച എന്ന ദിവസം അവരുടെ മനസ്സിൽ ഊട്ടി ഉറപ്പിച്ചു. 

അങ്ങിനെ 24 നു വൈകിട്ട് വിമാനം കയറുമ്പോൾ അച്ചുവിനെ സാധാരണ പോലെ വിളിച്ച് ഗുഡ് നൈറ്റ് പറയാനും മറന്നില്ല. 

ഇരുണ്ടു വെളുക്കുന്ന പകലിനേക്കുറിച്ചുള്ള ഓർമകളും പ്രതീക്ഷകളും 15 മണിക്കൂർ നീണ്ട യാത്ര എന്നെ തെല്ലും ബോറടിപ്പിച്ചില്ല എന്നതാണ് വാസ്തവം. 

പലരും പറഞ്ഞും വായിച്ചിട്ടും ഉള്ളത് പോലെ നാടിന്റെ പച്ചപ്പിലേക്ക് ആ യന്ത്രപ്പക്ഷി ഊളിയിട്ടിറങ്ങുന്ന കാഴ്ച അവാച്യമായ ആനന്ദമാണ് നൽകുന്നത്.

മുൻകൂട്ടി തീരുമാനിച്ച പ്രകാരം ഉറ്റ സുഹൃത്തും കവിയുമൊക്കെയായ പ്രമോദ് വണ്ണപ്പുറവും കസിൻ ശരത്തും കൂടി ഒരു മണിക്കൂർ നേരത്തേ പുറപ്പെട്ടെങ്കിലും കാലടിയിലെ ഗതാഗതക്കുരുക്ക് ഒരു മണിക്കൂറോളം അവരെ ഞാൻ കാത്തിരിക്കേണ്ട അവസ്ഥയിലാക്കി. സ്വതസിദ്ധമായ പരസ്പര തള്ളലുകളോടെ ഞങ്ങൾ തള്ളി തളളി സന്തോഷങ്ങളും വാർത്തകളും പങ്കിട്ട് യാത്ര തുടങ്ങി. 

Scene 1

അനിയത്തിക്കുട്ടിയുടെ #Anitha_sanil കോട്ടപ്പടിയിലുള്ള ഓഫീസിലെത്തി ആദ്യത്തെ സസ്പെൻസ് പൊളിക്കാം എന്നതായിരുന്നു എന്റെ പ്ലാൻ.

അതു പ്രകാരം ശരത്തിനേക്കൊണ്ട് അവളെ വിളിപ്പിച്ചു. പക്ഷേ അന്ന് അങ്കമാലിയിൽ ക്ലാസ് ഉണ്ടായിരുന്നതിനാൽ [അവൾ LFൽ ഗസ്റ്റ് ലക്ചറർ ആണ്..] അങ്ങോട് പോകുന്ന വഴിയാണ് കൂടാതെ കാലടിയിൽ ബ്ലോക്കിൽ പ്പെട്ട് കിടക്കുകയാണെന്നും മനസ്സിലായി. അവൻ കൊണ്ടു വിടാമെന്ന് പറഞ്ഞപ്പോൾ അവൾ കാലടിയിൽ ഇറങ്ങാമെന്ന് സമ്മതിച്ചു.

ബസ്റ്റാന്റിന് എതിർവശത്തുള്ള പമ്പിൽ നിന്ന് ഡീസൽ അടിച്ചിട്ട് വണ്ടി അവിടെ ഒതുക്കി. അവളെ വിളിക്കാനായി ശരത്തിനെ പറഞ്ഞയച്ചിട്ട് ഞാനും പ്രമോദ് ജിയും മാറി നിന്നു.. 

നിർഭാഗ്യവശാൽ അപ്പോൾ മൊബൈൽ എടുക്കാൻ വിട്ടു. അവർ വന്ന് കാറിൽ കയറി സ്റ്റാർട്ട് ചെയ്തപ്പോൾ അപ്രതീക്ഷിതമായി വണ്ടിയിൽ ചെന്നു കയറിയ എന്നെ കണ്ടതും അവൾ അവിടെ ഉണ്ടാക്കിയ കോലാഹലങ്ങൾ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട്. 

അത് പകർത്താൻ സാധിക്കാത്തതിൽ വല്ലാത്ത നഷ്ടബോധവും ഉണ്ട്. അവിടെ മുതൽ അങ്കമാലി വരെ എത്തിയിട്ടും അവളുടെ അങ്കലാപ്പ് മാറിയിട്ടില്ല. വിശ്വാസം വരാതെ ഇടക്കിടെ എന്നെ മുറുകെപ്പിടിച്ച് വാതോരാതെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. പിരിയാൻ നേരം ഇനി വീട്ടിൽ ചെല്ലുന്നതു വരെ ഇക്കാര്യം പരമരഹസ്യമായിരിക്കും എന്ന ഉറപ്പും വാങ്ങിയാണ് പോന്നത്.

Scene 2

ഇനി അച്ചുവിന്റെ ഊഴമാണ്. 

കാരണം പോകുന്ന വഴിയിൽ കോതമംഗലത്ത് ധർമ്മഗിരി ആശുപത്രിയിലാണ് അവൾ ജോലി ചെയ്യുന്നത്. ചുറ്റുപാടുമുള്ള എല്ലാവരും അവളെപ്പറ്റി എന്തു വിചാരിക്കും എന്ന് ചിന്തിച്ചു കൊണ്ട് മാത്രം ഓരോ കാര്യവും ചെയ്യുന്ന അവൾ എങ്ങിനെ പ്രതികരിക്കുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. 

കോതമംഗലത്ത് എത്തിയപ്പോൾ സമയം ഒരു മണി കഴിഞ്ഞു. അവൾക്ക് ഉച്ചഭക്ഷണത്തിന്റെ സമയമാണ്. എന്റെ സിംകാർഡുകൾ രണ്ടും പ്രവർത്തനരഹിതമായതിനാൽ പ്രമോദ് ജിയുടെ ഹോട്ട് സ്പോട്ട് കണക്റ്റ് ചെയ്തു ഞാൻ അവളെ നെറ്റ് കോൾ വിളിച്ചു. 

[പതിവില്ലാതെ വാട്സപ്പിൽ വിളിച്ചാൽ അവൾ സംശയിക്കുമെന്നുറപ്പ്.] സാധാരണ പോലെ സംസാരിച്ചു തുടങ്ങി, അവൾ പുറത്ത് ATM ൽ പോവാണ് എന്ന് പറഞ്ഞപ്പോൾ ഞങ്ങളും അവളുടെ അടുത്തേക്കെത്തി. നോക്കിയപ്പോൾ HDFC ബാങ്കിന്റെ മുന്നിലുള്ള തൂണിന്റെ മറവിൽ നിന്ന് തെല്ലു വൈക്ലബ്യത്തോടെ ഫോണിൽ സംസാരിക്കുന്ന അച്ചുവിനെ കണ്ടു.

നൈറ്റ് കഴിഞ്ഞ് വന്ന് കിടക്കാൻ പോവാണ് എന്നൊക്കെ പറഞ്ഞ് വയ്ക്കാൻ നേരം അവളുടെ വെപ്രാളം കണ്ട് സത്യത്തിൽ എനിക്ക് ചിരി വന്നു.

തൊട്ടടുത്ത് നിന്ന് എന്നെ അറിയാതെ സംസാരിക്കുന്ന അവളെ ഒറ്റക്കായിരുന്നെങ്കിൽ ഞാൻ കുറേ നേരം നോക്കി നിന്നേനേം.

ഇതു പക്ഷേ അതു പറ്റില്ലല്ലോ. ഏതായാലും സംശയത്തിനിട നൽകാതെ ഞാൻ ഫോൺ വച്ചു.

ATM ന്റെ അകത്തേക്ക് കയറിയ അവളുടെ പിന്നിൽ ചെന്ന് ഞാൻ മെല്ലെ അച്ചൂ എന്ന് വിളിച്ചതും വല്ലാതെ ഭയന്നാണ് അവൾ ഞെട്ടിത്തിരിഞ്ഞത്. 

പക്ഷേ, വിടർന്ന ആ കണ്ണുകളിലെ സന്തോഷത്തിന്റെ തിരയിളക്കം തൊട്ടറിയാനാണ് ഇത്രയും കാര്യങ്ങൾ ചെയ്തതെന്ന് എനിക്കല്ലേ അറിയൂ. 

ശരത്തിന്റെ കൈയ്യിലിരുന്ന ക്യാമറ കണ്ടതിനാൽ തന്നെയാണ് ഇരച്ചു വന്ന സന്തോഷത്തെ ചിരിയിലും കൈയ്യിൽ പിടിച്ചും അവൾ നിയന്ത്രിച്ചതെന്ന് എനിക്കറിയാം.