നൂറ്റാണ്ടിനെ വരവേറ്റ ആ ചുംബനം; 20 വർഷത്തിനിപ്പുറം കാലം: ഹൃദ്യം ഇൗ കഥ

20 വർഷങ്ങൾക്ക് മുൻപ്. കൃത്യമായി പറഞ്ഞാൽ 2000 ജനുവരി 1 ന് മലയാള മനോരമ പത്രത്തിന്റെ ആദ്യ പേജിൽ വന്ന ഒരു ചിത്രം.പിഞ്ചു കുഞ്ഞിന്റെ കാലിൽ നിറഞ്ഞ വാൽസല്യത്തോടെ ചുംബിക്കുന്ന മുത്തശി. മലയാളിയുടെ ഹൃദയം തൊട്ട ഇൗ ചിത്രം പകർത്തിയത് പ്രശസ്ത ഫോട്ടോഗ്രഫർ വിക്ടർ ജോർജായിരുന്നു. ഇന്നത്തെ മനോരമ പത്രത്തിൽ അന്നത്തെ ഇൗ മനോഹാരിതക്ക് അഴകേറുകയാണ്. പിന്നിൽ കാലം കരുതിവച്ച ഒട്ടേറെ നിയോഗങ്ങളും.

ആ കുഞ്ഞിന് ഇന്ന് വയസ് 20. അന്നത്തെ മുത്തശി ഇപ്പോഴില്ല. മരിച്ചിട്ട് വർഷങ്ങളായി. എന്നാൽ മറ്റൊരു മുത്തശിയെ കണ്ടെത്തി വിക്ടറിന്റെ ചിത്രം പുനരാവിഷ്കരിച്ചു. വിക്ടറിന്റെ മകൻ നീൽ വിക്ടറാണ് അച്ഛന്റെ ചിത്രത്തിന് പുനരാവിഷ്കരണം ഒരുക്കിയത്.

കോതമംഗലം കവുങ്ങുംപിള്ളിൽ ജോസഫ്.സി ജോർജിന്റെ മകൻ ഹാനോക്കായിരുന്നു ആ കുഞ്ഞ്. വിക്ടർ അവന്റെ പിഞ്ചു കാലാണ് 2000ത്തിൽ ചിത്രത്തിൽ കൊണ്ടുവന്നതെങ്കിൽ മകൻ അവന്റെ മുഖം കൊണ്ടുവന്നു. കോതമംഗലം മലയൻകീഴിലുള്ള സാന്തോം സ്നേഹാലയത്തിൽ നിന്നാണ് പുതിയ മുത്തശിയെ നീൽ കണ്ടെത്തിയത്. പഴയ മുത്തശിയെ വിക്ടർ കണ്ടെത്തിയതും ഇതേ സ്നേഹാലയത്തിൽ നിന്നായിരുന്നു എന്നത് മറ്റൊരു നിയോഗം. 105 വയസ്സുള്ള സാറയാണ് 2020ന്റെ പുതുവർഷചിത്രത്തിലുള്ളത്. അന്ന് കുഞ്ഞിന്റെ കാലിൽ മുത്തശി ചുംബിച്ചു. ഇന്ന് ആ മകൻ മുത്തശിയ്ക്ക് മുത്തം നൽകി 2020 വരവേൽക്കുന്നു. 

ഇൗ 20 വർഷങ്ങൾക്കിടെ വിക്ടറും വേർപിരിഞ്ഞുപോയി. അന്ന് ‘മുദ്രകൾ ചാർത്തുന്നു’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. ഇന്ന് കഥയും കഥാപാത്രങ്ങൾക്കും വർഷങ്ങൾ വരുത്തിയ മാറ്റത്തോെട വീണ്ടും അവതരിക്കുമ്പോൾ ‘പുതുമുത്തം’ എന്ന തലവാചകം ഉയർന്നുനിൽക്കുന്നു.