‘7 മണിക്കുശേഷം പുരുഷന്‍ വീട്ടിലിരുന്നാല്‍ ബലാല്‍സംഗം നടക്കില്ല’: വിഡിയോ; വിവാദം

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ കുറയണമെങ്കിൽ രാത്രി ഏഴുമണിക്കു ശേഷം പുരുഷന്മാർ പുറത്തിറങ്ങാതെ വീട്ടിൽ അടച്ചിരിക്കണമെന്ന് 'സ്ത്രീ'. 'അവൾ ബലാൽസംഗം  ചെയ്യപ്പെട്ടു', 'അയാൾ അവളെ ബലാൽസംഗം ചെയ്തു' എന്നെഴുതിയ പ്ലക്കാർഡുകളുമായെത്തിയ സ്ത്രീയാണ് വിവാദ പരാമർശം നടത്തിയത്.

നടാഷ എന്ന ട്വിറ്റർ ഉപയോക്താവ് പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ സ്ത്രീയുടെ വിവാദ പരാമർശംകൊണ്ട് ചര്‍ച്ചയായിരിക്കുന്നത്. വിവാദ വിഡിയോയിൽ സ്ത്രീ പറയുന്നതിങ്ങനെ :-

‘എന്നെ പുരുഷന്മാർ സംരക്ഷിക്കണ്ട. എനിക്കു പറയാനുള്ളതെന്താണെന്നു വച്ചാൽ നിങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെങ്കിൽ നിങ്ങൾ പിന്മാറണം. അങ്ങനെ ഈ ലോകം സ്വതന്ത്രമാകട്ടെ''. ഇന്ത്യൻ സ്ത്രീയുടെ ശബ്ദം എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കപ്പെടുന്നത്.

ദൃശ്യങ്ങളിൽ കാണുന്ന പ്രായമായ സ്ത്രീയുടെ കൈയിൽ ഒരു പ്ലക്കാർഡുണ്ട്. അതിൽ ഒരു കോളത്തിൽ 'അവൾ ബലാൽസംഗം ചെയ്യപ്പെട്ടു' എന്നെഴുതിയതിനു നേരെ ഗുണന ചിഹ്നം ഇട്ടിരിക്കുകയാണ്. മറ്റൊരു കോളത്തിൽ 'അയാൾ അവളെ മാനഭംഗം' ചെയ്തു എന്നാണെഴുതിയിരിക്കുന്നത്. അതിനു നേരം ശരി ചിഹ്നം അടയാളപ്പെടുത്തിയിരിക്കുന്നു. 

ആ വിഡിയോ ക്ലിപ്പിൽ അവർ പറയുന്നതിങ്ങനെ :-

'' ഏഴു മണിക്കു ശേഷം സ്ത്രീകൾ വീട്ടിലിരിക്കണമെന്നു പറയുന്നതെന്തിനാണ്?. എന്തുകൊണ്ട് പുരുഷന്മാർക്ക് അങ്ങനെ ചെയ്തുകൂട. അങ്ങനെയൊരു രീതിയിലേക്ക് മാറണം. എല്ലാ പുരുഷന്മാരും രാത്രി ഏഴുമണിക്കു മുൻപ് വീട്ടിൽ കയറി പുറത്തിറങ്ങാതെ കതകടച്ചിരിക്കണം. അങ്ങനെ ചെയ്താൽ സ്ത്രീകൾ സുരക്ഷിതരായിക്കും. 

പൊലീസ് ഉദ്യോഗസ്ഥനോ, സഹോദരനോ, ഏതെങ്കിലും ഒരു പുരുഷനോ എന്റെ സംരക്ഷണത്തിനെത്തണമെന്ന് ഞാൻ പറയില്ല.  എനിക്ക് പറയാനുള്ളത് ഒന്നു മാത്രമാണ് ഇതിനൊക്കെ കാരണം പുരുഷന്മാരാണ് അവർ പിന്മാറി വീട്ടിലിരിക്കാൻ തയാറാകണം. ഈ ലോകത്തെ സ്വതന്ത്രമാക്കണം''.